പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണമാണ് ഇന്ന് വൈകീട്ട് ആറിന് നടക്കുന്ന കൊട്ടിക്കലാശത്തോടെ അവസാനിക്കുന്നത്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളുടെ റോഡ് ഷോയും ഇന്ന് നടത്തുന്നുണ്ട്.
യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഉച്ചയ്ക്ക് രണ്ടിന് ഒലവക്കോട് നിന്ന് ആരംഭിക്കും . എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി. സരിന്റെ റോഡ് ഷോ വൈകീട്ട് നാലിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജംങ്ഷനിൽ നിന്നും തുടങ്ങും.
അതിനിടെ, പാലക്കാട്ടെ ഇരട്ട വോട്ടിൽ നടപടി ആവശ്യപ്പെട്ട് ഇടതു മുന്നണി ഇന്ന് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. രാവിലെ 10 മണിക്കാണ് മാർച്ച്. വ്യാജ വോട്ടുകൾ ചേർത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപിയും യുഡിഎഫും ശ്രമിക്കുന്നുവെന്നാണ് എൽഡിഎഫ് ആരോപണം. ഇതിൽ നടപടി വേണമെന്നാണ് ആവശ്യം.
കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാലാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നവംബർ 20 ലേക്ക് മാറ്റിയത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 056 പാലക്കാട് നിയമസഭാ നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നവംബർ 20ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Recent Comments