പി വി അൻവർ തൽക്കാലം വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും തന്റെ ഫേസ് ബുക്ക് പേജിന്റെ കവർ ചിത്രമായ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫോട്ടോ മാറ്റി ഇപ്പോൾ ജനങ്ങളോടൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ വേദിയിലേക്ക് അനുഗമിക്കുന്ന ചിത്രമായിരുന്നു അൻവറിന്റെ കവർചിത്രം.
പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് ഞായറാഴ്ച രാത്രി എട്ടരയോടെ സാമൂഹികമാധ്യമക്കുറിപ്പിലൂടെ അൻവർ വ്യക്തമാക്കിയിരുന്നു.ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പിശശിക്കുമെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. ഇടത് പശ്ചാത്തലമുള്ള ആളല്ല അന്‍വറെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും തുറന്നടിച്ച മുഖ്യമന്ത്രി, തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.താൻ കോൺഗ്രസിൽ നിന്നും വന്നയാൾ എന്ന പരാമർശത്തിനെതിരെ അൻവർ മറുപടി പറഞ്ഞത് ഇഎംഎസും കോൺഗ്രസിൽ നിന്നാണ് വന്നതെന്നായിരുന്നു.
മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും അൻവറിനെ തള്ളിപ്പറഞ്ഞു. അൻവർ തിരുത്തണമെന്നാവശ്യപ്പെട്ട് പാർട്ടി പ്രസ്താവനയിറക്കി. നിലപാടുകൾ തിരുത്തി, പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽനിന്ന് അൻവർ പിന്തിരിയണമെന്നും സംസ്ഥാനസെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചിരുന്നു.തുടർന്നാണ് വെടി നിർത്തൽ പ്രഖ്യാപിച്ച ശേഷം അൻവർ തന്റെ ഫേസ് ബുക്ക് പേജിന്റെ കവർ ചിത്രത്തിൽ നിന്നും പിണറായി വിജയനെ മാറ്റിയത്.
Recent Comments