ഇന്ത്യന്‍ സിനിമയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസ പുരുഷന്മാരിലൊരാളാണ് കമലഹാസന്. സിനിമയുടെ നിലനിന്നു വന്ന രൂപഭാവങ്ങളെ പുനര്‍നിര്‍വചിക്കാനും പുതിയൊരു ഭാവുകത്വം കൊണ്ടുവരാനും കമലിന് കരിയറിലുടനീളം കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കമലിന്റെ ഫാന്‍ ബോയ്സിന് കൈയും കണക്കുമില്ല. ലോകേഷ് കനകരാജ് മുതല്‍ ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന് ചിദംബരം വരെ ആ പട്ടിക നീളുന്നു.
ആളുകളെ കാണിക്കുക എന്നതിന് ഉപരിയായി ഓരോ സിനിമയ്ക്കും എല്ലാ മേക്കേഴ്സും ഒരു ഉദ്ദേശലക്ഷ്യം മനസ്സില്‍ കാണും. അത്തരത്തില്‍ അവതാരലക്ഷ്യം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള സിനിമ. ഗുണ പിഴിഞ്ഞെടുത്ത് നിര്‍മ്മിച്ച ഈ മനോഹര കലാസൃഷ്ടിയുടെ ലക്ഷ്യം കമലിന്റെ ശ്രദ്ധയില്‍ ഇടംപിടിക്കുക എന്നല്ലാതെ മറ്റെന്ത്?
ശ്രദ്ധിച്ചു എന്ന് മാത്രമല്ല ചിത്രം കണ്ട് ഇഷ്ടപ്പെട്ട കമല്‍, താരങ്ങളും അണിയറക്കാരുമായി കൂടിക്കാഴ്ചയും നടത്തി. ഇപ്പോഴിതാ ആ കൂടിക്കാഴ്ചയുടെ ഒരു ലഘു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ഇതാണ് ക്ലൈമാക്സ്’ എന്ന കുറിപ്പോടെ സംവിധായകന് ചിദംബരം കമലിനൊപ്പമുള്ള ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
Nalla cinema irukura edathula , kandippa Aandavar irupaar ! pic.twitter.com/EkoFHGu1Wx
— Prashanth Rangaswamy (@itisprashanth) February 29, 2024
‘എനിക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെട്ടു. അത് കമലഹാസന്റെ പേര് പറഞ്ഞതുകൊണ്ടല്ല. കാതല്‍ എന്നത് സൗഹൃദത്തിന്റെ കാര്യത്തിലും പറയാവുന്നതാണ്’ എന്നാണ് വീഡിയോയില്‍ കമല്‍ എല്ലാവരോടുമായി പറയുന്നത്. കമലഹാസന്റെ വലിയ ആരാധകനാണ് താനെന്ന് ചിദംബരം കമലിനോട് തന്നെ തുറന്ന് പറയുന്നതും വീഡിയോയില്‍ കാണാം.
നേരത്തെ തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന് രംഗത്തെത്തിയിരുന്നു. ‘മഞ്ഞുമ്മല്‍ ബോയ്സ് കണ്ടു. ജസ്റ്റ് വാവൗ! കാണാതിരിക്കരുത്. അഭിനന്ദനങ്ങള്‍’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. തമിഴ്നാട്ടിലെത്തിയ മഞ്ഞുമ്മല്‍ ബോയ്സിനെ നേരിട്ടു കണ്ടു ആശംസ അറിയിച്ചിരിക്കികയാണ് അദ്ദേഹം ഇപ്പോള്‍. സംവിധായകന് ചിദംബരത്തെയും ചിത്രത്തിലെ താരങ്ങളും കാണാന്‍ കഴിഞ്ഞ സന്തോഷം ഉദയനിധി സ്റ്റാലിന് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു.
ചിദംബരം അടിക്കുറിപ്പ് നല്‍കിയത് പോലെ ഇതാണ് ക്ലൈമാക്സ്. ഒരു സിനിമയുടെ മര്‍മ്മ പ്രധാനമായ ശുഭപര്യവസാനം. പ്രേക്ഷകരും ആരാധനാമൂര്‍ത്തിയും ഒരുപോലെ പറയുന്നു ‘സീന്‍ മാറ്റിയെന്ന്’. കമലിന്റെ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ സീന്‍ മാറ്റിയത് പോലെ മഞ്ഞുമ്മല്‍ ബോയ്സും ഇവിടെ പുതു ചരിത്രം എഴുതുന്നു.
Recent Comments