ബംഗ്ലാദേശിലെ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരേ നടക്കുന്ന ആക്രമണങ്ങളില്‍ സിപിഎം പോളിറ്റ്ബ്യൂറോ ആശങ്ക രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനോട് സിപിഎം ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന പലായനം ചെയ്തതിനു പിന്നാലെയാണ് ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ബുദ്ധിസ്റ്റുകള്‍, പാഴ്സികള്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ ജനങ്ങളെ ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്കുന്ന മതമൗലിക വാദികളും ഭീകരരും കൊന്നൊടുക്കിയത്.
ഹിന്ദുക്കള്‍ക്കുനേരേയുള്ള ആക്രമണങ്ങളില്‍ ഒട്ടേറെ ക്ഷേത്രങ്ങളും വീടുകളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിച്ചു. അവാമി ലീഗ് പാര്‍ട്ടിയുമായി ബന്ധമുള്ള രണ്ട് ഹിന്ദുനേതാക്കളെങ്കിലും അക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സിപിഎം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്ക്കുനേരേ അക്രമസംഭവങ്ങള്‍ പെരുകിയതോടെ ഹിന്ദുക്കള്‍ കടുത്ത ഭീതിയിലെന്നാണ് റിപ്പോര്‍ട്ട്. അക്രമസംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടിയും മറ്റും ഓണ്‍ലൈന്‍മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ-വിദ്വേഷപ്രചാരണങ്ങള്‍ അതിന് ആക്കംകൂട്ടുന്നു. ഇടക്കാലസര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ധാക്ക സര്‍വകലാശാലയില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ റാലി നടത്തി. ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് ഹിന്ദുക്കള്‍ക്ക് ഉറച്ചപിന്തുണ നല്‍കിയിരുന്നു. എന്നാല്‍, ഭരണവിരുദ്ധപ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ വീണതോടെ ഹിന്ദുക്കള്‍ക്കുനേരേ വ്യാപക ആക്രമണമുണ്ടായി. ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദുക്കള്‍ക്ക് നേരെയുള്ള കൂട്ടക്കുരുതിക്കെതിരെ ഐക്യരാഷ്ട്ര സംഘടനാ അടക്കം ലോകരാജ്യങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. എന്നിട്ടും ഇതിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയും ഇതുവരെ മിണ്ടിയിട്ടില്ല.
Recent Comments