വര്‍ഷങ്ങളോളം അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തതിന് ശേഷം സ്വതന്ത്ര സംവിധായകരാകാന്‍ നായകന്റെ ഡേറ്റ് കാത്തിരിക്കുന്ന ആളുകളുള്ള മലയാളം ഇന്‍ഡസ്ട്രി. അവിടേക്കാണ് ഒരു ചെറുപ്പക്കാരന് ആരെയും അസിസ്റ്റ് ചെയ്യാതെ ഷോര്‍ട്ട് ഫിലിമുകളുടെ പരിചയ സമ്പന്നതയുമായി വന്ന് പടം പിടിച്ചത്. ക്യാമറാമാന് മുതല്‍ സംഗീത സംവിധായകന് വരെ നവാഗതര്‍. വളരെ വ്യത്യസ്തമായ ആഖ്യാനം കൈമുതലാക്കിയ സിനിമ തിയറ്ററുകളില്‍ വിജയമായി.
ആദ്യത്തെ സിനിമയുടെ ചുവട് പിടിച്ച് നായകന് നിവിന്‍ പോളിയോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി രണ്ടാമത്തെ ചിത്രം. അതും ബോക്സ് ഓഫീസ് ഭേദിച്ച് യുവാക്കളുടെ ഇടയില്‍ തരംഗമായി മാറി. സ്വന്തമായി ഒരു വഴി വെട്ടിതെളിച്ചാണ് അയാള്‍ സിനിമയിലേക്ക് കടന്ന് വന്നത്. സിനിമകളുടെ വ്യത്യസ്തത അയാളുടെ ശരീര ഭാഷയിലും പ്രകടമായിരുന്നു. ക്രമേണ അല്‍ഫോണ്‍സ് പുത്രന് എന്ന പേരും അയാളുടെ സിനിമകളും യുവത്വം ആഘോഷമാക്കാന്‍ തുടങ്ങി.
എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെടുന്നതും അല്‍ഫോണ്‍സ് തന്നെ. പ്രത്യക്ഷത്തില്‍ യുക്തിരഹിതമെന്ന് തോന്നിപ്പിക്കുന്ന പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിന് മുമ്പും അല്‍ഫോണ്‍സ് പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഗോള്‍ഡ് എന്ന തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ പരാജയത്തിന് ശേഷം സ്ഫോടനാത്മകമായി പെരുമാറുന്ന അല്‍ഫോണ്‍സിനെയാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ഏറ്റവും ഒടുവിലായി വിജയകാന്തിന്റെയും കരുണാനിധിയുടെയും മരണങ്ങള് അസ്വഭാവിക മരണങ്ങളാണെന്നും അവ അന്വേഷിക്കപ്പെടണം എന്ന അഭ്യര്‍ത്ഥനയാണ് അല്‍ഫോണ്‍സിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
ഒരു അപസര്‍പ്പക കഥയിലെന്ന പോലെ നിരവധി ചോദ്യങ്ങളിലൂടെയാണ് സോഷ്യല്‍ മീഡിയ നീങ്ങുന്നത്. അല്‍ഫോണ്‍സ് ലഹരിക്ക് അടിമയാണോ? അല്‍ഫോണ്‍സിന്റെ മാനസിക നില തകരാറിലാണോ തുടങ്ങി നൂറായിരം ചോദ്യങ്ങള്‍. സൗജന്യമായി ഉപദേശങ്ങളും ചിലര്‍ കമന്റ് ബോക്സില്‍ രേഖപ്പെടുത്തുന്നുണ്ട്. അത്തരം ആളുകളോട് തന്റെ പേജില്‍ നിന്ന് ഇറങ്ങി പോകാനും അല്‍ഫോണ്‍സ് തന്നെ അഭിപ്രായപ്പെടുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് താന്‍ രോഗ ബാധിതനാണെന്നും തിയറ്ററുകളിലേക്ക് വേണ്ടി സിനിമ ചെയ്യുന്നത് നിര്‍ത്തി എന്നും അല്‍ഫോണ്‍സ് പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഉടന്‍ തന്നെ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് ഗോള്‍ഡിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് അല്‍ഫോണ്‍സിനെ ചൊടിപ്പിച്ചത്. ഗോള്‍ഡ് സാമ്പത്തികമായി പരാജയമല്ലെന്നും പ്രമോഷന്റെ കുറവും മറ്റു ചില പ്രശ്നങ്ങളും കാരണമാണ് തിയറ്ററുകളില്‍ ഓടാതെ പോയതെന്നും കൂട്ടി ചേര്‍ത്തു. സിനിമയുടെ അണിയറ പ്രവര്‍ത്തകരോടുള്ള അമര്‍ഷവും അല്‍ഫോണ്‍സ് പരസ്യമാക്കി. സുഹൃത്ത് നിവിന്‍ പോളി ഫോണ്‍ എടുക്കുന്നില്ല എന്നും ഈ അടുത്ത് അല്‍ഫോണ്‍സ് പറയുകയുണ്ടായി. നടന് അജിത് കുമാറിനോട് രാഷ്ട്രീയത്തില്‍ ഇറങ്ങാനും അല്‍ഫോണ്‍സ് അഭ്യര്‍ത്ഥിച്ചു.
സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ പരിഹസിക്കുന്നവര്‍ സംയമനം പാലിക്കണം. കേവലം ഒരു ശരാശരി മനുഷ്യനെ അളക്കുന്ന അളവ് കോല് കൊണ്ട് അല്‍ഫോണ്‍സ് പുത്രന് എന്ന പ്രതിഭയെ അളക്കാതിരിക്കുക. നിങ്ങള്‍ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഔണ്‍സ് ഗ്ലാസില്‍ അളന്ന് ഭക്ഷിക്കുന്നയാളല്ല അല്‍ഫോണ്‍സ്. ഒരു വീണ്ടെടുപ്പിനുള്ള സമയം ആ കലാകാരന് നല്കാന് നമ്മള് ബാധ്യസ്ഥരാണ്. അതുവരെ യുക്തിരഹിതമെന്ന് തോന്നിപ്പിക്കുന്ന പോസ്റ്റുകള്‍ക്ക് നേരെ നമുക്ക് കണ്ണടയ്ക്കുകയും അഭ്യൂഹങ്ങള്‍ക്ക് അവധി കൊടുക്കുകയും ചെയ്യാം.
വിവാദങ്ങളും ഭൂകമ്പങ്ങളും അല്ഫോണ്സിന് അന്യമില്ല. വിവാദങ്ങളുടെ നടുവില്‍ നിന്നാണ് ഇതിന് മുമ്പും അയാള്‍ സിനിമയ്ക്ക് ജന്മം നല്‍കിയത്. ഒരു മോശം സിനിമയുണ്ടായി എന്ന് കരുതി അതില്‍ പ്രവൃത്തിക്കുന്നവര്‍ മോശമാകുന്നില്ല. ഇതിലും വലിയ വിജയങ്ങള്‍ അല്‍ഫോണ്‍സിനെ കാത്തിരിക്കുന്നുണ്ട്. ശരീരം ദുര്ബലാമാവുന്നതും മറ്റു സാഹചര്യ പ്രശന്ങ്ങളും ആ കലാകാരനെ അസ്വസ്ഥനാക്കുന്നുണ്ടാകാം പക്ഷേ കല അദ്ദേഹത്തെ വിട്ടു പോവുകയില്ല. അല്‍ഫോണ്‍സിന്റെ തന്നെ ആദ്യ ചിത്രം പറയുന്നത് പോലെ ‘നേരം. രണ്ടു തരത്തിലാണ്. ഒന്ന് നല്ല നേരം പിന്നെ ചീത്ത നേരം. ചീത്ത നേരത്തിന് ശേഷം നല്ല നേരം വരും’
ചീത്ത നേരത്തിനെ അതിജീവിക്കാന്‍ അല്ഫോണ്സിന് എല്ലാവിധ ഭാവുകങ്ങളും.
Recent Comments