തിങ്കളാഴ്ച നിശ്ചയത്തിനുശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി. ചിത്രത്തിന്റെ ട്രെയിലറിന് പിന്നാലെ കുഞ്ചാക്കോ ബോബന് പാടിയ പാട്ടിനും പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ‘തേനല്ലേ പാലല്ലേ കല്‍ക്കണ്ടമല്ലേ…’ എന്ന് തുടങ്ങുന്ന ആ ഗാനത്തിന്റെ പിറവിയെക്കുറിച്ച് സെന്ന ഹെഗ്ഡെ കാന്‍ ചാനലുമായി സംസാരിക്കുന്നു.
‘മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജേക്ക്സ് ബിജോയ് ആദ്യം ഇട്ട ഈണം തന്നെ എനിക്കിഷ്ടമായി. എന്നിട്ടും ജേക്ക്സ് ചില മാറ്റങ്ങളൊക്കെ അതില്‍ വരുത്തിയിരുന്നു. ആ പാട്ട് ചാക്കോച്ചനും കേട്ടു. അദ്ദേഹത്തിനും ഇഷ്ടമായി. ചാക്കോച്ചനെകൊണ്ട് പാടിച്ചാലോ എന്നൊരു നിര്‍ദ്ദേശം വയ്ക്കുന്നത് ജേക്ക്സാണ്. ഞാനും നിര്‍മ്മാതാക്കളും ജേക്സിന്റെ മനസ്സിനൊപ്പം നിന്നു. ചാക്കോച്ചനും അതിന് തയ്യാറായി എന്നതാണ് പ്രധാനം. കാരണം അതിനുമുമ്പ് ചാക്കോച്ചന് ഒരു സിനിമയ്ക്കുവേണ്ടി പാടിയിട്ടില്ല. അങ്ങനെ ആ പാട്ട് ചാക്കോച്ചനെ വച്ച് റെക്കോര്‍ഡ് ചെയ്തു. അതും നന്നായിട്ടുതന്നെ വന്നു.’ സൈന്ന ഹെഗ്ഡെ പറഞ്ഞു.
‘വിദ്യാധരന് മാസ്റ്ററെക്കൊണ്ടും പാടിക്കാനുള്ള തീരുമാനം ജേക്ക്സിന്റേതായിരുന്നു. ഭാഗ്യത്തിന് മാസ്റ്റര്‍ എറണാകുളത്തുണ്ടായിരുന്നു. ഞങ്ങള്‍ വിളിച്ചപ്പോള്‍ അദ്ദേഹം വന്ന് പാടി. ഞങ്ങള്‍ ആഗ്രഹിച്ചതിനേക്കാളും ഗംഭീരമായി ആ പാട്ട് മാറി. പ്രേക്ഷകരും അതേറ്റെടുത്തു എന്ന അറിഞ്ഞതില്‍ വളരെ സന്തോഷം. ചിത്രത്തിലെ ഒരു ലൗ സോങാണത്. കേള്‍ക്കുമ്പോള്‍ സിംപിളാണെന്ന് തോന്നും. പക്ഷേ അങ്ങനെയല്ല.’
‘പദ്മിനിക്കുവേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത് ദീപുവാണ്. മറ്റൊരാളുടെ തിരക്കഥയില്‍ ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. പൂര്‍ണ്ണമായും ഒരു കൊമേഴ്സ്യല്‍ ചിത്രമാണ് പദ്മിനി. താരനിരക്കാരും ജനപ്രിയരാണ്. ചാക്കോച്ചന്, അപര്‍ണ്ണ ബാലമുരളി, മഡോണ സെബാസ്റ്റിയന്, വിന്‍സി അലോഷ്യസ്… അങ്ങനെ പോകുന്ന ആ നിര. പദ്മിനിയുടെ ഫൈനല്‍ മിക്സിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം ഗ്രേഡിംഗും. ജൂലൈ ഏഴിന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും’ സെന്ന തുടര്‍ന്നു.
‘1744 വൈറ്റ് ആള്‍ട്ടോ എന്ന ചിത്രം റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്. വലിയ സ്വീകരണമാണ് ചിത്രത്തിന് അവിടെ ലഭിച്ചത്. ഈ വര്‍ഷം നാലോളം ഫിലിം ഫെസ്റ്റിവലുകളില്‍ അത് വീണ്ടും പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതിനുശേഷം ഒ.ടി.ടിയില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.’ സെന്ന ഹെഗ്ഡെ പറഞ്ഞു നിര്‍ത്തി.
Recent Comments