തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ കേരള രാഷ്ട്രീയരംഗത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നല്ലോ ഐഎസ്ആര്‍ഒ ചരക്കേസ്.
നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രഹസ്യങ്ങള്‍ മറിയംറഷീദ, ഫൗസിയാഹസ്സന് എന്നീ രണ്ട് വിദേശ വനിതകള്‍ ചോര്‍ത്തിയെന്നും അതിന് അവര്‍ക്ക് സഹായം ചെയ്തുകൊടുത്തത് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരായ നമ്പിനാരായണനും ശശികുമാറും ആണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. നിര്‍ണായക രഹസ്യങ്ങള്‍ നമ്പി നാരായണന് ഒരു ഫ്ളോപ്പിയിലാക്കിയാണ് കൈമാറിയതെന്നും പോലീസ് കണ്ടെത്തി.
തുടര്‍ന്ന് വലിയ കോളിളക്കങ്ങളാണുണ്ടായത്. ചാരവനിതകളായ മറിയം റഷീദയെയും ഫൗസിയാഹസ്സനെയും അവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ നമ്പിനാരായണനെയും ശശികുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ നമ്പി നാരായണനും മറിയം റഷീദയും സമാനതകളില്ലാത്ത ശാരീരിക മാനസിക പീഡനങ്ങള്‍ക്കാണ് വിധേയരായയത്. സിബി മാത്യൂസ് എന്ന ഐപിഎസ് ഓഫീസറുടെ നേരിട്ടുള്ള സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം.
ആ സംഭവങ്ങളൊക്കെ സി ബി ഐ കുറ്റപത്രമാക്കി കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ഒരു മാധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ എനിക്കുമുണ്ട് അഭിമാനിക്കാന്‍ ചില കാര്യങ്ങള്‍.
ചാരക്കേസ് വാര്‍ത്തയായി ജ്വലിച്ചു നിന്ന നാളുകളില്‍ മറിയം റഷീദയുടെയും ഫൗസിയഹസ്സന്റെയും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍വേണ്ടി മാലിയിലേക്ക് പറന്ന മാധ്യമ സിംഹങ്ങള്‍, പരമ്പരകളെഴുതുകയും മറിയം റഷീദയുടെ മാദകത്വം വര്‍ണിച്ചു മതിമയങ്ങുകയും ചെയ്തപ്പോള്‍ മറുഭാഗത്ത് കെ. കരുണാകരന് മുഖ്യമന്ത്രി കസേരയാണ് നഷ്ടപെട്ടത്. എല്ലാം ഒരു പോലീസ് ഓഫീസറുടെ കാമാസക്തി മൂലം സംഭവിച്ചത്.
എന്നാല്‍ ആദ്യം മുതല്‍ അവസാനം വരെ ചാരക്കേസ് കെട്ടുകഥയാണെന്നും അങ്ങനൊരു സംഭവം നടന്നിട്ടില്ല എന്നും ഉറച്ച നിലപാടിലൂന്നി വാര്‍ത്തകള്‍ എഴുതിയ ഒരു മാധ്യമ പ്രവര്‍ത്തകനാണ് ഞാന്‍. അതിനായി ഒരുപാടലഞ്ഞു. നമ്പിനാരായണന്റെയും ശശികുമാറിന്റെയും അഭിമുഖങ്ങള്‍ ആദ്യമായി തയ്യാറാക്കുവാന്‍ കഴിഞ്ഞു. എറണാകുളം കോടതിയുടെ പ്രേത്യേക അനുമതിയോടെ മറിയം റഷീദയെയും ഫൗസിയാഹസ്സനെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍വച്ച് ആദ്യമായി അഭിമുഖം നടത്തുവാനും എനിക്ക് കഴിഞ്ഞു.
(തുടരും)
അടുത്തത്- വിജയന്റെ കാമവെറിയും ചാരക്കേസും
Recent Comments