‘നിങ്ങള്‍ ഒരു കലാകാരിയാണെന്ന് സ്വയം പറയുന്നു. എന്തൊരു കള്ളനാട്യമാണത്. ശ്രീമതി, കലാകാരിക്ക് എതിര്‍ക്കാനും നിഷേധിക്കാനും കഴിയുന്ന ധീരമായ ഒരാത്മാവ് വേണം.’
അമേരിക്കന്‍ സ്ത്രീപക്ഷ എഴുത്തുക്കാരിയായ കേയ്റ്റ് ചോപിന്റെ ഒരു കഥാപാത്രം പറയുന്ന വാക്കുകളാണ് ഇത്. ഇന്നത്തെ കാലത്ത് ഒരു റീലില്‍ അര സെക്കന്റ് നേരം മുഖം പതിപ്പിക്കാന്‍ കഴിഞ്ഞാല്‍ സ്വയം കലാകാരി അഥവാ കലാകാരന് പട്ടം എടുത്ത് അണിയാം. അതിന് പിന്താങ്ങാന് വായ പൊളിഞ്ഞു പോയ ഒരു കൂട്ടം ആളുകള്‍ തയാറാവുന്ന സാഹചര്യവും ഇന്നുണ്ട്. അങ്ങനെയുള്ള കാലത്താണ് കേയ്റ്റിന്റെ ഈ ഡയലോഗ് പ്രസക്തമാകുന്നത്. നിഷേധം എന്തെന്നറിയാത്തവനാണ് കലാകാരന് എന്നാണ് സ്വയം പ്രഖ്യാപിത കലാകാരന്മാര് ധരിച്ചുവച്ചിരിക്കുന്നത്. എതിര്‍ക്കുന്നത് കലാകാരന്റെ കടമ കൂടിയാണ് എന്ന് തിരിച്ചറിവുള്ളവര്‍ തന്നെ എണ്ണത്തില്‍ വിരളമായ ഒരു കലാലോകത്തെയാണ് നാം ഇന്ന് കാണുന്നത്.
അത്തരമൊരു എതിര്‍പ്പ് ഇന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. പല തരം ചൂഷണങ്ങളുടെ ഒരു വിളനിലമാണ് എല്ലാ ഭാഷയിലെയും സിനിമാവ്യവസായം. അതില്‍ മലയാള സിനിമ ചരിത്ര പ്രധാനമായ ഒരു എതിര്‍പ്പും തുറന്ന് പറച്ചിലും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സാക്ഷ്യം വഹിച്ചിരുന്നു. അവസാനിച്ചു എന്ന് വിധിയെഴുതുന്നതിന് മുമ്പായി മലയാള സിനിമയെ മൊത്തത്തിലുള്ള ശുദ്ധികലശത്തിന് വഴി വെച്ചിരിക്കുകയാണ് ഈ പോരാട്ടം. ഹേമ കമ്മറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളുമെല്ലാം അന്നുണ്ടായ തീപ്പോരിയില് നിന്നാണെന്ന് പറയാം.
പത്തും പന്ത്രണ്ടും വര്‍ഷം പുറകിലുള്ള ചൂഷണങ്ങള്‍ മാത്രമല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അത് നീണ്ടുനീണ്ട് വിജയശ്രീയിലേക്കും പൊന്നാപുരം കൊട്ടയിലേക്കുമെല്ലാം എത്തിയിരിക്കുന്നു. പുതുതലമുറ കേട്ടിട്ടു പോലുമില്ലാത്ത ഇത്തരം സംഭവങ്ങള്‍ ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. വിജയശ്രീയും ശോഭയുമെല്ലാം പോയ വഴിയിലൂടെ ഇനി ആരും പോകാതിരിക്കാനും ഈ ചര്‍ച്ചകള്‍ ഉപകാരപ്പെടും. അന്നും മെയിന്‍ സ്ട്രീം പാലിച്ച മൗനം തന്നെയാണ് വലിയൊരളവില്‍ ഇത്തരം പ്രവണതകളെ വളര്‍ത്തിയത്. ആ മൗനം ഭഞ്ജിക്കാന്‍ ഒരു നടി തയാറായതിന്റെ അലയടിയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.
ഒന്നാലോചിച്ചാല്‍ മലയാളം സിനിമ എന്ന പൊന്നാപുരം കോട്ടയെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളും കുലുക്കി കളഞ്ഞത്. പൊന്നാപുരം കൊട്ടയിലേക്ക് നാട്ടുകാര്‍ ഇരച്ചു കയറുകയാണ്. കോട്ടയ്ക്കകത്തെ രഹസ്യങ്ങള്‍ ഇന്ന് പാണര്പാട്ടാണ്. ജനരോഷം കത്തുമ്പോള്‍ കൊമ്പന്മാര് പോലും മാളത്തില്‍ ഒളിക്കുന്നു.
ഇതെല്ലാമാണെങ്കിലും ഒറ്റ ദിവസം കൊണ്ട് ഇവിടം നന്നാകും എന്ന പ്രതീക്ഷ വെക്കുന്നത് അസ്ഥാനത്താണ്. വേട്ടപ്പട്ടികളുടെ മനസ്സാണ് സമൂഹത്തിനെന്നുള്ള എംടിയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കട്ടെ. വേട്ടയാടാന്‍ അറിയുന്ന കുറെ പുതിയ ആളുകളെ കിട്ടിയതിലുള്ള ആവേശമാണ് പൊതുവെ പലര്‍ക്കും ഉള്ളത്. പിന്നെ സ്വകാര്യതയുടെ വേലിക്കെട്ടുകള്‍ എന്നും സാധാരണ ജനത്തിന് ചാടി കടക്കാന്‍ താല്പര്യമുള്ള കാര്യമാണ്. സിനിമയിലെ സ്വകാര്യത എന്ന വേലി പൊളിഞ്ഞതിനാല്‍ നേരിട്ട് നോക്കി രസിക്കാം എന്ന വഷളന്മാരും സമൂഹത്തിന്റെ ഭാഗമാണ്. മാമ്പൂ കണ്ടും സമൂഹത്തിനെ കണ്ടും കൊതിക്കരുത്. ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയാന്‍ സമൂഹം എന്ന വ്യവസ്ഥിതിക്ക് ഒരു നാണവും ഉണ്ടാകില്ല.
എന്നിരുന്നാലും അഭിനന്ദിക്കേണ്ടത് നടിയുടെ ചെറുത്തുനില്പ്പിനെയാണ്. കെയിറ്റിന്റെ വാക്കുകളില്‍ പറയുന്നത് പോലെ നിങ്ങളാണ് യഥാര്‍ത്ഥ കലാകാരി. മൗനത്തില്‍ തപസ്സിരുന്നവരെല്ലാം കലയെ ചൂഷണം ചെയ്തവര്‍ മാത്രമാണ്. കോളിളക്കവും കൊടുങ്കാറ്റുമെല്ലാം ഒറ്റയാന് വിപ്ലവത്തിന് സാധ്യമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുന്നു. ചൂഷണത്തിന് വിധേയരായ സിനിമയിലുള്ള എല്ലാ ജീവജാലങ്ങളെയും ഇതോടൊപ്പം നമുക്ക് സ്മരിക്കാം.
Recent Comments