മോഹന്‍ലാല്‍ നായകനായിയെത്തുന്ന എമ്പുരാന്റെ ഫസ്റ്റ് കട്ട് മൂന്ന് മണിക്കൂറും ഒരു മിനിറ്റുമായിരുന്നുവെന്ന് സംയവിധായകന് പൃഥ്വിരാജ് സുകുമാരന്‍. തിരക്കഥയ്ക്ക് പുറമെ തനിക്ക് മാത്രമായി ഒരു ഷൂട്ടിംഗ് സ്ക്രിപ്റ്റ് ഉണ്ടായിരുന്നുവെന്ന് ദ ഹോളിവുഡ് റിപ്പോര്‍ട്ടറിനു നല്കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് വെളിപ്പെടുത്തി.
മുരളി ഗോപി എഴുതി തിരക്കഥ ഉണ്ടെങ്കിലും ചിത്രീകരണത്തിനായി ഞാനൊരു ഷൂട്ടിംഗ് സ്ക്രിപ്റ്റ് തയ്യാറാക്കിയിരുന്നു. അത് ഞാന്‍ സ്വയം എഴുതിയതാണ്. എന്റെ തിരക്കഥാകൃത്തിന്റെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കിയതിനുശേഷം തിരക്കഥയില്‍ ഇടതുവശത്തും വലതുവശത്തും എഴുതിയിരിക്കുന്ന കാര്യങ്ങള്‍ മനഃപാഠമായി വിവരക്കാന്‍ കഴിയുന്ന ഒരു പോയിന്റിലെത്തും. ആ പോയിന്റിലെത്തുമ്പോള്‍ ഞാനിരുന്ന് എഴുതും. ഏതു രീതിയില്‍ അത് ദൃശ്യവല്ക്കരിക്കാന് ആഗ്രഹിക്കുന്നതും തമ്മിലൊരു സംവാദം നടക്കും. ചില സീനുകള്‍ ഞാന്‍ വീണ്ടുമെഴുതും. തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തും. ചില സീനുകള്‍ നടക്കുന്ന ലൊക്കേഷന്‍ മാറ്റും. അങ്ങനെ പല മാറ്റങ്ങള്‍ വരുത്തി ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കും. അതിനുശേഷം ആ ഡ്രാഫ്റ്റ് ഞാനെന്റെ തിരക്കഥാകൃത്തിനെ കേള്‍പ്പിക്കും. ചിലയിടത്ത് പല വിയോജിപ്പുകള്‍ ഉണ്ടാകും. ചുരുങ്ങിയത് രണ്ടാഴ്ചയൊക്കെ ഇങ്ങനെ പോകും. ഒടുവില്‍ ഞാനും തിരക്കഥാകൃത്തും സമവായത്തിലെത്തും. ആ തിരക്കഥ ഞാന്‍ വീണ്ടും എന്റെ പ്രധാന താരത്തെയും നിര്‍മ്മാതാവിനെയും വീണ്ടും കേള്‍പ്പിക്കും. ഇത്രയും പ്രക്രിയയിലൂടെ കടന്നാല്‍ ഞാന്‍ ഷൂട്ടിനെത്തുന്നത്. അപ്പോഴേക്കും എന്റെ അബോധമനസ്സില്‍ തന്നെ ഷോട്ട് ഡിവിഷനൊക്കെ സ്വാഭാവികമായും നടന്നുകഴിഞ്ഞിരിക്കും. അതുകൊണ്ട് സിനിമയ്ക്കായി ഒരു മൂഡ് ബോര്‍ഡോ ഛായാഗ്രാഹകന്‍ കാണിച്ചുകൊടുക്കാന്‍ റഫറന്‍സോ ആവശ്യമായി വരാറില്ല, പൃഥ്വി തുടര്‍ന്നു.
വിഎഫ്എക്സ് സൂപ്പര്‍വൈസര്‍മാര്‍ക്ക് കൃത്യമായി കാര്യങ്ങള്‍ വിവരിച്ചു കൊടുക്കാറുണ്ട്. പലപ്പോഴും അധികമായി എനിക്കൊരു ഷോട്ട് എടുത്തു വയ്ക്കേണ്ടി വരാറില്ല. എമ്പുരാന്റെ ഫസ്റ്റ് കട്ട് മൂന്ന് മണിക്കൂറും ഒരു മിനിറ്റുമായിരുന്നു. ഫൈനല്‍ സിനിമയുടെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും, പൃഥ്വിരാജ് പറഞ്ഞു.
Recent Comments