അനൂപ് മേനോനും ജ്യോതിര്‍മയിയും അഭിനയിക്കുന്ന ഷോര്‍ട്ട് ഫിലിം എന്ന നിലയ്ക്ക് ചിന്തിച്ച കഥാബീജം വളര്‍ന്നാണ് രഞ്ജിത് സംവിധാനം ചെയ്ത തിരക്കഥ ജനിക്കുന്നത്. സിനിമയില്‍ ഗോസിപ്പ് കോളങ്ങള്‍ക്ക് അപ്പുറം സ്ഥാനം കണ്ടെത്തിയ ശ്രീവിദ്യ – കമലഹാസന് പ്രണയത്തെ വെറൊരു കഥയുടെ മറവിലൂടെ നോക്കി കാണുകയാണ് തിരക്കഥ എന്ന സിനിമ. ഭരതന് – ശ്രീവിദ്യ പ്രണയത്തിന് കൂടുതല്‍ സ്കോപ്പ് ഉണ്ടാകുമ്പോഴും കമലഹാസന്റെ പ്രണയത്തെയാണ് ഭാവനയുടെ ചിറകില്‍ അവതരിപ്പിക്കാന്‍ രഞ്ജിത് ശ്രമിച്ചത്.
പ്രിയാമണി അവതരിപ്പിച്ച മാളവിക എന്ന കഥാപാത്രത്തോട് ശ്രീവിദ്യ സാദൃശ്യം പുലര്‍ത്തുന്നു. കമലഹാസന് എന്ന കാമുകന്റെ സത്ത അടങ്ങുന്ന അജയചന്ദ്രന് എന്ന കഥാപാത്രമായി അനൂപ് മേനോന് മാറി. മലയാളിക്ക് പരിചിതമല്ലാത്ത തമിഴ് സിനിമ പശ്ചാത്തലത്തിന് പകരം, രഞ്ജിത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഛായയിലേക്ക് കഥയെ പറിച്ചു നട്ടു. പ്രേക്ഷകരെ കഥയുമായി അടുപ്പിക്കാന്‍ ഈ മാറ്റം നന്നെ സഹായിച്ചു.
ചിത്രത്തിന്റെ പേര് പോലെ തന്നെ തിരക്കഥയാണ് ഏറ്റവും മിഴിവോടെ നില്‍ക്കുന്നത്. മോണോലോഗുകള്‍ കഥ പറയുന്ന സിനിമയില്‍ ഫ്ളാഷ് ബാക്കുകളും വര്‍ത്തമാന കാലവും ഇടകലര്‍ന്നു വരുന്നു. അക്ബര്‍ എന്ന പൃഥ്വിരാജ് അവതരിപ്പിക്കുന്ന സംവിധായകനിലൂടെ മാളവിക എന്ന നടിയുടെ ജീവിതത്തെ തിരയുകയാണ് സിനിമ ചെയ്യുന്നത്. ഇരു കാലങ്ങളിലും വൈകാരികത ചോര്‍ന്ന് പോവാത്ത രീതിയില്‍ പ്രേക്ഷകനെ സിനിമയിലേക്ക് ബന്ധിപ്പിക്കാന്‍ തിരക്കഥയ്ക്ക് കഴിയുന്നുണ്ട്. ശ്രീവിദ്യയുടെ ജീവിതത്തിനേക്കാള്‍ പ്രണയത്തിന്റെ വീക്ഷണ കോണില്‍നിന്ന് സിനിമ പറയുന്നതിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത് .
പ്രിയാമണി എന്ന നടിയുടെ ഗംഭീര പ്രകടനം കൂടിയാണ് തിരക്കഥ. വളരെ വ്യത്യസ്തമായ തലങ്ങളിലൂടെ കടന്നു പോകുമ്പോഴും മാളവിക എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വത്തെ തുറന്ന് കാണിക്കാന്‍ പ്രിയാമണിക്ക് കഴിഞ്ഞു. ശബ്ദം നല്കിയ വിമ്മി മറിയം ജോര്‍ജ്ജും കൈയ്യടി അര്‍ഹിക്കുന്നു.
അനൂപ് മേനോന് എന്ന നടന്റെ മലയാള സിനിമയിലേക്കുള്ള ശക്തമായ കാല്‍വെപ്പായി തീര്‍ന്നു തിരക്കഥ. ഫ്ളാഷ് ബാക്കിലും വര്‍ത്തമാന കാലത്തും അജയചന്ദ്രന്റെ രണ്ട് എക്സ്ട്രീം സമീപനങ്ങളെ തന്മയത്വത്തോടെ അദ്ദേഹം അവതരിപ്പിച്ചു. പ്രത്യേകിച്ച് സൂപ്പര്‍ താരമായതിന് ശേഷമുള്ള പ്രകടം പ്രശംസ അര്‍ഹിക്കുന്നു. മല്ലിക സുകുമാരന്‍, രഞ്ജിത്, നന്ദു എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്തി.
സെപ്തംബര്‍ 12 ന് തിരക്കഥയ്ക്ക് 15 വയസ്സ് തികയുന്നു. കാലമെത്ര കഴിഞ്ഞാലും തീവ്രമായ പ്രണയ കാവ്യമായി തിരക്കഥ എന്നും നിലനില്ക്കും.
Recent Comments