ശബരിമല ദർശനത്തിന് ഇക്കുറി സ്പോട്ട് ബുക്കിംഗ് മാത്രം നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്നും മുഖ്യമന്ത്രി പിന്മാറി. ഓൺലൈൻ രജിസ്ട്രേഷന് നടത്താതെ നേരിട്ട് അയ്യപ്പ ദർശനത്തിന് എത്തുന്നവർക്കും സൗകര്യം ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഓൺലൈൻ സമ്പ്രദായത്തെക്കുറിച്ച് അറിയാതെ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പാക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചുണ്ടിക്കാട്ടി. വി ജോയിയുടെ സബ് മിഷനു നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമല മണ്ഡല-മകര വിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീര്‍ത്ഥാടനം സുമഗമമാക്കാനുമുള്ള നടപടികളുടെയും ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി യോഗങ്ങള്‍ ചേര്‍ന്ന് വിശദമായ ആസൂത്രണം നടത്തിയിരുന്നു.
തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാവര്ക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പോലീസ്, വനം, ആരോഗ്യം, പൊതുമരാമത്ത്, ഫയര്‍ & റസ്ക്യൂ, ലീഗല്‍ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ- പൊതുവിതരണം, ഇറിഗേഷന്‍, കെ.എസ്.ഇ.ബി, കെ.എസ്.ആര്.ടി.സി, ബി.എസ്.എന്‍.എല്‍, വാട്ടര്‍ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Recent Comments