മമ്മൂട്ടി നായകനാകുന്ന കണ്ണൂര്‍ സ്ക്വാഡ് നിരാശപ്പെടുത്തിയില്ല. 2 മണിക്കൂര്‍ 40 മിനിറ്റും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സംവിധായകനായ റോബി വര്‍ഗീസിന് കഴിഞ്ഞു. എല്ലാ വിഭാഗങ്ങളും ചിത്രത്തില്‍ ഉടനീളം മികവ് പുലര്‍ത്തി.
എപ്പോഴും പ്രേക്ഷകന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു ടിപ്പിക്കല്‍ ത്രില്ലറല്ല ചിത്രം. ത്രില്ലിനൊപ്പം തന്നെ ഡ്രാമയും സന്നിവേശിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. സെമി റിയലിസ്റ്റിക്കായി കഥ പറയുന്ന ചിത്രം ഇടയ്ക്കിടക്ക് അഡ്രിനാലിന്‍ റഷ് തന്നുകൊണ്ടെയിരുന്നു.
ആദ്യ പകുതി കാറ്റിന് അനുസരിച്ച് നീങ്ങുന്ന പായ്ക്കപ്പല്‍ പോലെ ചിതറിയ സംഭവങ്ങള്‍ കാണിക്കുന്നു. ഇന്റര്വല്ലിനോട് അടുക്കുമ്പോള്‍ പായിക്കല്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര ആരംഭിക്കുന്നു.
രണ്ടാം പകുതിയിലാണ് തിരക്കഥ ചടുലമാകുന്നത്. കുറ്റാന്വേഷണം ഒഴുക്കോടെ മുമ്പോട്ട് പോകുന്നു. രാത്രിയില്‍ ഒരു ഗ്രാമത്തിനുള്ളിലെ ഫൈറ്റ് സീന്‍ ഗംഭീരമായി. ക്ലൈമാക്സിലേക്ക് അടുക്കും തോറും സംവിധായകന് പ്രേക്ഷകനെ സിനിമയിലേക്ക് കുരുക്കിയിട്ടു.
ജോര്‍ജ്ജ് എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി നായകന്റെ വികാര വേലിയേറ്റങ്ങള്‍ കൃത്യമായി ദൃശ്യമാക്കി. പക്ഷേ മമ്മൂട്ടി എന്ന നടന് വെല്ലുവിളി ഉണര്‍ത്തുന്ന തരം സീനുകള്‍ ഒന്നും ‘ജോര്‍ജ്ജിന്’ നല്കാന് കഴിഞ്ഞില്ല. ക്ലൈമാക്സിലും മമ്മൂട്ടിയുടെ കഥാപാത്രം കൈയടി വാരി കൂട്ടി. മൊത്തതില്‍ മികച്ചൊരു കഥാപാത്ര സൃഷ്ടിയാണ് ജോര്‍ജ്ജിന്റെത്.
ഒരു കഥാപാത്രവും കഥയെ വിഴുങ്ങി കളയാന്‍ അനുവദിചിട്ടില്ല. എല്ലാ അഭിനേതാക്കളും അവരുടെ റോളുകള്‍ മികച്ചതാക്കി. റാഹിലിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മിഴിവ് പകരുന്നു. എടുത്ത് പറയേണ്ടത് സുഷിന് ശ്യാമിന്റെ പശ്ചാത്തല സംഗീതമാണ്. കാതടപ്പിക്കുന്ന ശബ്ദങ്ങളില്ലാതെ കഥയുടെ മൂഡിനെ കൃത്യമായി സംഗീതത്തിലൂടെ അടയാളപ്പെടുത്തുന്നു.
പതിവ് പോലെ ‘ഉയിര്’ എന്ന വാക്ക് വിനായക് ശശികുമാര്‍ പാട്ടില്‍ തിരുകി വെച്ചിട്ടുണ്ട്. കിതയ്ക്കുന്നു എന്ന വാക്കിന്റെ അര്‍ത്ഥം ആയാസതോടെ ശ്വസിക്കുന്നു എന്നാണ്, പിന്നെ ‘കിതയ്ക്കുന്നു ശ്വാസം’ എന്ന പ്രയോഗത്തില്‍ ശ്വാസം ആവര്‍ത്തിക്കുന്നതിലെ യുക്തി മനസ്സിലായില്ല.
അസാധാരണമായ കഥയൊ ഇതുവരെ കാണാത്ത ട്വിസ്റ്റുമൊന്നും കണ്ണൂര്‍ സക്വാഡ് നല്‍കുന്നില്ല. സാധാരണ പോലീസ്കാരുടെ യാത്ര ഒച്ചപ്പാടുകളോ ബഹളങ്ങളോ ഇല്ലാതെ വൃത്തിയായി പറയുകയാണ് സംവിധായകന് ചെയ്തിരിക്കുന്നത്. എന്നാല്‍ സിനിമാറ്റിക്ക് മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. ജോര്‍ജ്ജിന്റെയും സംഘത്തിന്റെയും പ്രയാണത്തില്‍ പ്രേക്ഷകനെയും നിസംശയം കൂടെ കൊണ്ടുപോകുന്നു.
Recent Comments