ജെകെ സംവിധാനം ചെയ്യുന്ന ”ഗ്ര്ര്ര്’ന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനായിട്ടാണ് കുഞ്ചാക്കോ ബോബനും സംഘവും സൗത്ത് ആഫ്രിക്കയില്‍ എത്തിയത്. സിംഹത്തിന് മുന്പില് പെട്ടുപോകുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടുമാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിംഹത്തോടൊപ്പമുള്ള ഫൈറ്റ് സീന്‍ ചിത്രീകരിക്കാനായിട്ടാണ് അവര്‍ സൗത്ത് ആഫ്രിക്കയില്‍ എത്തിയത്. കേപ്ടണ്‍ നഗരത്തില്‍നിന്ന് ഏറെ അകലെയായി 250 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഫാംഹൗസിലാണ് ചിത്രീകരണം. ലൂക്കാണ് ഈ ഫാംഹൗസിന്റെ ഉടമസ്ഥന്. സിംഹത്തിന് പുറമെ പുലി, ആന, ജിറാഫ് തുടങ്ങിയ വന്യമൃഗങ്ങളെയും അദ്ദേഹം ഇണക്കി വളര്‍ത്തുന്നുണ്ട്. ഈ മൃഗങ്ങളുടെ ട്രെയിനറും ലൂക്കാണ്. ഹോളിവുഡ് ചിത്രങ്ങളടക്കം ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കാനായി ഇവിടെയാണ് എത്തുന്നത്. ഇവിടെ ചിത്രീകരിക്കുന്ന ആദ്യത്തെ മലയാളസിനിമയും ഗ്ര്ര്ര് ആണ്. സംവിധായകന് ജെകെ, നിര്‍മ്മാതാവ് ഷാജി നടേശന്, കുഞ്ചാക്കോ ബോബന്, ക്യാമറാമാന് ജയേഷ് എന്നിവരുള്‍പ്പെടെ 17 പേരാണ് ഷൂട്ടിംഗിനുവേണ്ടി എത്തിയത്. അവിടുത്തെ വിശേഷങ്ങള്‍ കാന്‍ ചാനലുമായി പങ്കുവയ്ക്കുകയാണ് നിര്‍മ്മാതാവ് ഷാജി നടേശന്.
‘ഞങ്ങള്‍ ഇവിടെ എത്തുമ്പോള്‍ അക്ഷയ് കുമാര്‍ നായകനായ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. സിംഹത്തോടൊപ്പമുള്ള ഫൈറ്റാണ് ഷൂട്ട് ചെയ്യേണ്ടത്. സിംഹമെന്ന് പറഞ്ഞാല്‍ നല്ല ഉശിരുള്ള സിംഹം. ഇതുപോലെ ആറേഴ് സിംഹങ്ങള്‍ അവിടെയുണ്ട്. സാധാരണ ഇത്തരം രംഗങ്ങളൊക്കെ ഷൂട്ട് ചെയ്യുന്നത് മൃഗങ്ങളെ മയക്കിയിട്ടാണ്. ഇതങ്ങനെയല്ല. സിംഹത്തെ കണ്ടാല്‍തന്നെ പേടിയാകും. അതിന്റെ ടെന്‍ഷന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു. ധൈര്യത്തോടെ മുന്നോട്ട് വന്നത് ചാക്കോച്ചനായിരുന്നു. സിംഹവുമായിട്ടുള്ള ഫൈറ്റ് എന്ന് പറയുമ്പോള്‍ അത് പുലിമുരുകന് സ്റ്റൈലല്ല. ഇത് ഏറെയും ഫണ്‍ എലമന്റുള്ളതാണ്. എങ്കിലും മല്‍പ്പിടുത്തം സിംഹത്തോടാണല്ലോ. ചാക്കോച്ചന് അത് ഗംഭീരമാക്കി. മൂന്ന് ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയായി. മടക്കയാത്ര നാളെയാണ്.’ ഷാജി പറഞ്ഞു.
കണ്ണൂരിലായിരുന്നു ‘ഗ്ര്ര്ര്’ന്റെ ആദ്യ ഷെഡ്യൂള്‍. അത് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് സൗത്ത് ആഫ്രിക്കയിലേയ്ക്ക് ഷൂട്ടിംഗിനായി പോയതും.
Recent Comments