നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് അവസാന അവസരം നല്‍കുകയാണെന്ന് ഫെഫ്ക പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംഘടനയ്ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ചേംബറും രംഗത്തെത്തിയിട്ടുണ്ട്.
‘ഷൈനിന് മാപ്പ് കൊടുക്കാനൊന്നും നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടില്ല. ലഹരി ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത കാര്യമാണ്’ എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാര്‍ വ്യക്തമാക്കി. സംവിധായകരും ഫെഫ്ക ഭാരവാഹികളുമായ ബി ഉണ്ണികൃഷ്ണനെയും സിബി മലയിലിനെയും അദ്ദേഹം പേര് ചേര്‍ത്ത് വിമര്‍ശിച്ചു.
ഫെഫ്കയുടെ ഇടപെടലിനെതിരെ ഫിലിം ചേംബറും പരാമര്‍ശവുമായി രംഗത്തെത്തി. ‘ഷൈന്‍ ടോം ചാക്കോയെ വിളിച്ചു വരുത്താന്‍ ഫെഫ്ക ആരാണ്?’ എന്നായിരുന്നു ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിന്റെ പ്രതികരണം. ‘ഫെഫ്ക എട്ടുകാലി മമ്മൂഞ്ഞാവുകയാണ്. തെളിവെടുപ്പിനിടെ ഫെഫ്ക നടത്തിയ ഇടപെടല്‍ ദുരൂഹമാണ്. ഞങ്ങളാണ് എല്ലാം എന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കമാണ് ഫെഫ്ക നടത്തുന്നത്. അത് അനുവദിക്കില്ല’ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഫെഫ്കയുടെ നിലപാട് വിശദീകരിച്ചിരുന്ന ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് പ്രതികരിച്ചിരുന്നു. ലഹരി ഉപയോഗിച്ചതായി ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് അവസാന അവസരം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. മലയാള സിനിമയില്‍ ലഹരി മാഫിയയുടെ കയ്യേറ്റം സംബന്ധിച്ച് വാര്‍ത്തകള്‍ പതിവായാണ് വരുന്നത്. ഇത്തരം സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരുമായി സഹകരിക്കുന്നത് ബുദ്ധിമുട്ടാകും’ എന്നും ഉണ്ണികൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
‘ഷൈന്‍ ടോം ചാക്കോയുമായി തുറന്ന് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബവും കൂടെ ഉണ്ടായിരുന്നു. ഷൈന്‍ ഒരു അവസരം കൂടി ആവശ്യപ്പെട്ടിരുന്നു. പ്രതിഭയുള്ള അഭിനേതാവാണ്. ഇത്തരം തെറ്റുകളില്പ്പെട്ടവര്ക്ക് തിരുത്താനുള്ള അവസരം നല്‍കുകയാണ് മാനുഷിക നിലപാട്. എന്നാല്‍ ഈ നിലപാട് ദൗര്‍ബല്യമായി കാണരുത്,’ എന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
Recent Comments