കേരളത്തിലെ തിയേറ്ററുകളില്‍ ചരിത്ര വിജയം കൈവരിച്ച ‘മാളികപ്പുറം’ റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അതേ ടീം പുതിയ ചിത്രത്തിനായി കൈകോര്‍ക്കുന്നു. സംവിധായകന് വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടും ഒരുമിക്കുന്ന ചിത്രത്തില്‍ മാളികപ്പുറത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവനന്ദയും, ശ്രീപദ് യാനും ഒന്നിക്കുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയുടെ ജന്മദിനത്തില് പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവായ മുരളി കുന്നുംപുറത്ത് ആണ് പുതിയ പ്രോജക്ടിന്റെ വിവരം പങ്കുവച്ചത്. അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് ഇപ്രകാരമാണ് – ‘എപ്പോഴും നിറഞ്ഞ സ്നേഹത്തോടെയും ഹൃദ്യമായ ചിരിയോടെയും വലിയ ഊര്‍ജത്തോടെയും എനിക്ക് കാണാനാകുന്ന എന്റെ പ്രിയ സുഹൃത്ത് അഭിലാഷിനു എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. ഈ സന്തോഷകരമായ വേളയില്‍ ഇരട്ടി മധുരം എന്നോണ്ണം എല്ലാവരോടും ഒരു സന്തോഷം ഞാന്‍ പങ്കു വെക്കുന്നു. മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമായ മാളികപ്പുറം സിനിമയുടെ ടീം വീണ്ടും ഒന്നിക്കുകയാണ്. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ശ്രീ. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വാട്ടര്‍മാന്‍ ഫിലിംസ് എല്‍.എല്‍.പിയുടെ ബാനറില്‍ ഞാനും സ്പീഡ് വിങ് സര്‍വീസസിന്റെ ബാനറില്‍ ശ്രീസനില് കുമാര്‍ ബിയും ചേര്‍ന്ന് ഒരുക്കാന്‍ പോകുകയാണ്. ഈ വര്‍ഷം തന്നെ ഞങ്ങളുടെ ആ സ്വപ്ന സിനിമ നിങ്ങളുടെ മുന്‍പിലേക്ക് എത്തും. എല്ലാവരുടെയും സ്നേഹവും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്’.
ചിത്രത്തിന്റെ നായക കഥാപാത്രത്തിനെ അവതരിപ്പുന്ന സൂപ്പര്‍ താരത്തിന്റെ പേര് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. മറ്റു താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം രഞ്ജിന് രാജും, പിആര്‍ഒ പ്രതീഷ് ശേഖറുമാണ്.
Recent Comments