സിനിമാനടനൊക്കെ ആവുന്നതിനുമുമ്പ്, തൊഴില്‍തേടി ഓള് ഇന്ത്യാ റേഡിയോയുടെ മുന്നിലെത്തിയ അമിതാഭ്ബച്ചനെ അദ്ദേഹത്തിന്റെ ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞ് മടക്കി അയച്ച ഒരു സംഭവം കേട്ടിട്ടുണ്ട്. അതേ മനുഷ്യനാണ് പില്ക്കാലത്ത് തന്റെ ഘനഗാംഭീര്യമാര്‍ന്ന ശബ്ദംകൊണ്ട് ഇന്ത്യന്‍ സിനിമയില്‍ മഹാവിസ്ഫോടനം തീര്‍ത്തത്.
സമാനമല്ലെങ്കിലും മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ തുടക്കത്തിലും ഇത്തരം ചില ദുരനുഭവങ്ങള്‍ അദ്ദേഹത്തിനും നേരിടേണ്ടി വന്നിട്ടുണ്ട്.
പി.ജി. വിശ്വംഭരന് സംവിധാനം ചെയ്ത സ്ഫോടനം മമ്മൂട്ടിയുടെ കരിയറില്‍ വഴിത്തിരിവ് സൃഷ്ടിച്ച സിനിമയായിരുന്നു. അതിനുമുമ്പ് അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം, ദേവലോകം, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ മമ്മൂട്ടി ചെയ്തു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ.
സത്യത്തില്‍ ജയനെ നായകനാക്കി പി.ജി. വിശ്വംഭരന് സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ നിര്മ്മാണപങ്കാളികളില് ഒരാള്‍ കൂടിയായിരുന്നു ജയന്. അതിനിടയിലായിരുന്നു ജയന്റെ ആകസ്മിക വിയോഗം. ആ ഒഴിവിലേക്ക് വിജയാ മൂവീസ് ബാബുവിന്റെ ശുപാര്‍ശയില്‍ വിശ്വംഭരനും ആലപ്പി ഷെരീഫും തെരഞ്ഞെടുത്ത് താരോദയമാണ് മമ്മൂട്ടി. (ജയന്റെ വേഷം പിന്നീട് സുകുമാരനും സുകുമാരന്റേത് മമ്മൂട്ടിക്കുമായി നല്കി).
പി.ജി. വിശ്വംഭരന് പക്ഷേ മമ്മൂട്ടി എന്ന പേര് ഇഷ്ടപ്പെട്ടില്ല. അങ്ങനെ അദ്ദേഹം മമ്മൂട്ടിക്ക് സമ്മാനിച്ച പേരാണ് സജിന്‍. ആ പേര് മമ്മൂട്ടിക്കും ഇഷ്ടമായില്ല. ഇക്കാര്യം മമ്മൂട്ടി സുഹൃത്തുകൂടിയായ ബാബുവിനോട് പറഞ്ഞു. ഇതിന്റെ ഫലമായിരുന്നു ക്രെഡിറ്റ് കാര്‍ഡില്‍ സജിന്‍ എന്ന പേരിന്റെ കൂടെ ബ്രാക്കറ്റില്‍ മമ്മൂട്ടി എന്നുകൂടി രേഖപ്പെടുത്താന്‍ ഇടയായത്.
സ്ഫോടനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. ഡബ്ബ് ചെയ്യാന്‍ മമ്മൂട്ടി എത്തി. പക്ഷേ അദ്ദേഹത്തിന്റെ ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞത് തിരക്കാഥാകൃത്ത് കൂടിയായ ആലപ്പി ഷരീഫ് ആയിരുന്നു. ഇക്കാര്യത്തില്‍ ഷെരീഫിന് ചില താല്‍പ്പര്യങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഇഷ്ടക്കാരനായ ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഉണ്ടായിരുന്നു- അന്തിക്കാട് മണി. മണിക്ക് അവസരം നിഷേധിക്കാന്‍ പാടില്ലെന്നുവച്ചാണ് ഷെരീഫ് അങ്ങനെയൊരു തീരുമാനം എടുത്തത്. മമ്മൂട്ടിക്ക് അത് വലിയ വിഷമമുണ്ടാക്കി. ഏതായാലും സ്ഫോടനം എന്ന സിനിമയില്‍ മമ്മൂട്ടിക്കുവേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് അന്തിക്കാട് മണിയാണ്.
1983 ല്‍ പുറത്തിറങ്ങിയ ഒരു മാടപ്രാവിന്റെ കഥ എന്ന ആലപ്പി അഷ്റഫ് ചിത്രത്തിലും മമ്മൂട്ടിയല്ല ഡബ്ബ് ചെയ്തിരിക്കുന്നത്. അതിന്റെ പിന്നിലും രസകരമായ ഒരു കഥയുണ്ട്.
മമ്മൂട്ടി അഭിനയിക്കുന്ന സീനുകളുടെ ഡബ്ബിംഗ് ഒഴിച്ച് മറ്റ് ജോലികളെല്ലാം പൂര്‍ത്തിയാക്കി ഒരു മാടപ്രാവിന്റെ കഥ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന സമയം. മമ്മൂട്ടിയെ ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ മറ്റൊരാളെ വച്ച് ഡബ്ബ് ചെയ്യാന്‍ സംവിധായകന് തീരുമാനിക്കുന്നു. അങ്ങനെ ആലപ്പി അഷ്റഫും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് കബീറും കൂടി ഒരു രാത്രിയില്‍ ശ്രീനിവാസന്റെ വീട്ടില്‍ എത്തി. ശ്രീനിയും അക്കാലത്ത് സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട് വരുന്ന സമയമാണ്. മമ്മൂട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്യണമെന്ന് അവര്‍ ശ്രീനിയോട് ആവശ്യപ്പെട്ടു. മമ്മൂട്ടി ആവശ്യപ്പെട്ട പ്രകാരമാണ് വന്നിരിക്കുന്നതെന്ന് കള്ളവും പറഞ്ഞു.
നിശ്ചയിച്ച തീയതിയില്‍ സിനിമ റിലീസ് ചെയ്യണമെന്നുള്ളതുകൊണ്ട് ശ്രീനി അടുത്ത ദിവസം രാവിലെ വന്ന് ഡബ്ബ് ചെയ്തുകൊടുത്തു. അങ്ങനെ മമ്മൂട്ടിക്കുവേണ്ടി ശ്രീനിവാസന് ഡബ്ബ് ചെയ്ത സംഭവവും മലയാള സിനിമയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്താതെ കിടപ്പുണ്ട്.
ഓര്‍ക്കണം, തന്റെ ശബ്ദസൗകുമാര്യവും മോഡുലേഷനിലെ അപാരമായ നിയന്ത്രണവും ഏതു ഭാഷയവും ഏത് സ്ളാങും വളരെ നിഷ്പ്രയാസം വഴങ്ങുന്ന മമ്മൂട്ടിയെപ്പോലെ അതുല്യനായൊരു അഭിനേതാവിന്റെ ജീവിതത്തിലാണ് ഇത്തരം നാടകീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയിട്ടുള്ളതും.
Recent Comments