മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് തല്ക്കാലം ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കും. ഡാം സംബന്ധിച്ച് അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണം. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡാമിന്റെ സുരക്ഷ സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇടുക്കി കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
നേരത്തെ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന ആവശ്യം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ തേടി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് മധുര റീജ്യണല്‍ ചീഫ് എന്‍ജിനീയര്‍ എസ് രമേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കുന്നതിനുമായിരുന്നു സന്ദര്‍ശനം. റൂള്‍ കര്‍വ് പ്രകാരം അണക്കെട്ടില്‍ ഇപ്പോള്‍ 138 അടി വെള്ളം സംഭരിക്കാന്‍ കഴിയും. 131 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്
Recent Comments