50-ലധികം ചലച്ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി, തന്റെ നാലുപതിറ്റാണ്ടുകാലം സിനിമ മേഖലയില്‍ അര്‍പ്പിച്ചു, കാഴ്ചക്കാരുടെ മനസ്സിനെ വെറുപ്പിക്കുന്ന തരത്തിലേക്ക് മറക്കാനാകാത്ത വില്ലന്‍ കഥാപാത്രങ്ങളെ സമ്മാനിച്ചു മലയാള സിനിമയുടെ പ്രിയപ്പെട്ട നടന് മേഘനാഥന് തന്റെ ജീവിതത്തോട് വിട പറഞ്ഞു. ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളാല്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നിരവധി വില്ലന്‍ കഥാപാത്രങ്ങളിലൂടെ മികച്ച നടനുള്ള അനവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നടന് ബാലന് കെ. നായരുടെ മകനാണ് മേഘനാഥന്. 1983 ലെ പി എന്‍ മേനോന് സംവിധാനം ചെയ്ത അസ്ത്രം എന്ന ചലച്ചിത്രത്തിലൂടെയാണ് മേഘനാഥന് സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
ചെങ്കോല്‍, പഞ്ചാഗ്നി, ഉത്തമന്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ ശ്രദ്ധേയമായ ചലച്ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ചെങ്കോലില്‍ അദ്ദേഹം അവതരിപ്പിച്ച കീരിക്കാരന് സണ്ണി അത്ര പെട്ടെന്നൊന്നും നമ്മുടെ മനസ്സില്‍നിന്ന് മായാന്‍ കഴിയുന്നതല്ല. തമിഴ് സിനിമാ മേഖലയിലും ചെറിയ രീതിയില്‍ അദ്ദേഹത്തിന് കൈയൊപ്പ് പതിക്കുവാന്‍ കഴിഞ്ഞിരുന്നു.
43 വര്‍ഷക്കാലത്തെ അഭിനയ ജീവിതത്തില്‍ ഇടവേളകളാല്‍ കിട്ടുന്ന വില്ലന്‍വേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്തുപോയ അദ്ദേഹത്തിന് പിന്നീട് സ്വഭാവനടനായി മാറുവാനുള്ള അവസരവും ലഭിച്ചു.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചലച്ചിത്രത്തില്‍, വളരെ ചുരുക്കം നേരം കൊണ്ട് വെറും ഒറ്റ സീനില്‍ കാണികളുടെ മനസ്സിനെ വേദനിപ്പിക്കുന്ന തരത്തിലുള്ള അച്ഛന് കഥാപാത്രമായി അദ്ദേഹം മാറി. ഒരു നടന് എന്ന നിലയ്ക്ക് എല്ലാ കഥാപാത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ മികവ് പ്രകടമാക്കുവാന്‍ സാധിച്ചു. സിനിമയോടൊപ്പം സീരിയലുകളിലും അഭിനയിച്ചു. 45 പടങ്ങള്‍ക്ക് ശേഷം ഒരു നീണ്ട ഇടവേള എന്ന നിലയ്ക്കായിരുന്നു അഭിനയം.
വില്ലനായാലും ഹാസ്യ കഥാപാത്രമായലും ഒരാള്‍ ഒരു വേഷം അവതരിപ്പിച്ചാല്‍ അതിന്റെ ആവര്‍ത്തനമായി അതേ വേഷങ്ങള്‍ കൊടുക്കുന്ന സാഹചര്യത്തില്‍ നിന്നും ഒരു മാറ്റം ഉണ്ടാകുന്നത് ഈ അടുത്ത കാലത്താണ്. അത്തരത്തിലുള്ള അവസരം ഇത്തിരി വൈകിയാണെങ്കിലും മേഘനാഥനും ലഭിച്ചു.
ഒരു നടന് എന്നതിനപ്പുറം സാധാരണ മനുഷ്യനായി ജീവിക്കാന്‍ ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹം. രൂപം കൊണ്ട് അദ്ദേഹത്തിന് വില്ലന്‍ കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന് ഒരുപക്ഷേ സംവിധായകര്‍ക്ക് തോന്നിയേക്കാം എന്ന് ഒരു ഇന്റര്‍വ്യൂവില്‍ വളരെ തമാശയോടെ അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ നമ്മള് എപ്പോഴും പറയുന്നതുപോലെ സിനിമയിലെ വില്ലന്മാര് ജീവിതത്തിലെ വെറും സാധാരണ മനുഷ്യരാണ്. സിനിമയില്‍ നമ്മള് വെറുക്കുകയും ജീവിതത്തില്‍ നമുക്ക് സ്നേഹം തോന്നുകയും ചെയ്യുന്ന സാധാരണക്കാര്‍. അതുകൊണ്ട് അദ്ദേഹത്തിന്റെ വേര്‍പാട് സിനിമാ മേഖലയിലും പ്രേക്ഷകരിലും വേദനയായി തന്നെ നിലനില്ക്കും.
Recent Comments