തല്ലുമാല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനു ശേഷം ആലപ്പുഴ ജിംഖാന എന്ന പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഖാലിദ് റഹ്മാൻ. നസ്ലെൻ, ലുക്മാൻ, ഗണപതി തുടങ്ങി വലിയൊരു താരനിര തന്നെ ആലപ്പുഴ ജിംഖാനയിലുണ്ട്. ഓരോ സിനിമാ പ്രേമികളുടെയും മനസ്സിൽ അത്രമേൽ ആഴ്ന്നിറങ്ങാൻ സാധിച്ചവയായിരുന്നു ഖാലിദ് റഹ്മാന്റെ സിനിമകളെല്ലാം. ഉണ്ടയും, തല്ലുമാലയും, അനുരാഗ കരിക്കിൻവെള്ളവുമെല്ലാം അതിനുദാഹരണങ്ങളാണ്. മലയാള സിനിമയെ കുറിച്ചും പ്രേക്ഷകരെ കുറിച്ചും ഏറ്റവും ഒടുവിൽ കണ്ട് ഏറെ ഇഷ്ടപ്പെട്ട ഒരു മലയാള ചിത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഖാലിദ് റഹ്മാൻ.
ഏറ്റവും ഒടുവിൽ തിയേറ്ററിൽ കണ്ടതിൽ ഏറെ ഇഷ്ടം തോന്നിയ സിനിമ ഏതാണെന്ന ചോദ്യത്തിന് കിഷ്കിന്ധാകാണ്ഡം എന്നായിരുന്നു ഖാലിദ് റഹ്മാൻ്റെ മറുപടി ആ സിനിമയെ കുറിച്ച് കൃത്യമായ ഒരു വിഷൻ അവർക്കുണ്ടായിരുന്നു. അത് വളരെ നന്നായി അവർ എക്സിക്യൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഓരോ സിനിമയും വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കുന്നവരാണ് മലയാളത്തിലെ ഫിലിം മേക്കേർസ് അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഒരു മത്സരം ഇവിടെയുണ്ട് മത്സരം എല്ലായിടത്തും ഉണ്ട്. മലയാളത്തെ കുറിച്ച് പറയുകയാണെങ്കിൽ കഴിവുള്ളവർ ഒരുപാടാണ്. ഓരോ ദിവസവും മികച്ചത് ചെയ്താൽ മാത്രമേ ഇവിടെ പിടിച്ചുനിൽക്കാൻ ആകുള്ളൂ. മലയാളത്തിലെ പ്രേക്ഷകരെ കുറിച്ച് പറഞ്ഞാൽ അവർ ലോക സിനിമ കാണുന്നവരാണ്. എൻ്റെ ഉമ്മ പോലും ഞങ്ങൾക്കൊപ്പം ഇരുന്ന് ഇറാനിയൻ സിനിമകളും കിംകിഡുക്ക് സിനിമകളും കാണുന്നുണ്ട്. നല്ല സിനിമകൾ കാണുക, നല്ല പുസ്തകങ്ങൾ വായിക്കുക സാഹിത്യത്തെ കുറിച്ച് സംസാരിക്കുക ഇതൊക്കെ മലയാളികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. അതുകൊണ്ടാക്കെ ആയിരിക്കാം മലയാളത്തിൽ നിന്നും നല്ല സിനിമകൾ വരുന്നതും,’ ഖാലിദ് റഹ്മാൻ പറഞ്ഞു.
എന്തുകൊണ്ടാണ് ഓരോ സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തമാകുന്നത് എന്ന് ചോദ്യത്തിന് വ്യത്യസ്തമായ കാര്യങ്ങൾ ചെയ്തേക്കാമെന്ന് കരുതി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ഖാലിദ് റഹ്മാന്റെ മറുപടി. എന്റെ സെറ്റിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കണമെന്ന് എപ്പോഴും തോന്നാറുണ്ട്. ഞാൻ മാത്രമല്ല എന്റെ ക്രൂവും ക്യാമറമാനുമൊക്കെ അത്തരത്തിൽ നിൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഒരേ ക്യാമറയും ഒരേ ആംഗിളും ഒക്കെ ആയിരിക്കും. എന്നാലും എൻഡ് പ്രൊഡക്ട് എങ്ങനെ വ്യത്യസ്തമാക്കാം എന്ന് എല്ലായ്പ്പോഴും നോക്കാറുണ്ട്. എല്ലാം ഒരേ പോലെയായാൽ അത് ബോറടിക്കും. വ്യത്യസ്ത ആശയങ്ങൾ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതാണ് എന്നെ ഒരു തരത്തിൽ ആവേശ ഭരിതനാക്കുന്നത്. അതാണ് പ്രധാന കാര്യം. എനിക്ക് വേണ്ടിയാണ് ഞാൻ സിനിമ ചെയ്യുന്നത്, മറ്റാർക്കും വേണ്ടിയല്ല,’ ഖാലിദ് റഹ്മാൻ പറഞ്ഞു.
Recent Comments