ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. അതോടെ ദിവ്യക്കെതിരെ കുരുക്ക് മുറുകുന്നു .പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന കൈക്കൂലി പരാതിയിലും പമ്പുടമ ടി.വി.പ്രശാന്തന്റ ഒപ്പിൽ വൈരുദ്ധ്യമുണ്ട്. രണ്ടിലും രണ്ടുതരം ഒപ്പാണ് ഇട്ടിരിക്കുന്നത്. പരാതിയിൽ പ്രശാന്തൻ എന്നും കരാറിൽ പ്രശാന്ത് എന്നുമാണ് പേര് എഴുതിയിരിക്കുന്നത്.
പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയതി എൻഒസി അനുവദിച്ചുവെന്നാണ്. എന്നാൽ, രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇതും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തിയിട്ടുണ്ട്. നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലിയായി നൽകിയെന്നായിരുന്നു പ്രശാന്തൻ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച കളക്ടറേറ്റിൽ എഡിഎമ്മിന് നൽകിയ യാത്രയയപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന് ഓർമിപ്പിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമർശനം ഉന്നയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചയായതിന് പിന്നാലെ ചൊവ്വാഴ്ചയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്ത് വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി പി പി ദിവ്യക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് .ദിവ്യ മുൻകൂർ ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിച്ചിട്ടുണ്ട് .വിവാദത്തെ തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ നിന്നും പി പി ദിവ്യയെ സിപിഎം നീക്കിയ ഉടനെ അവർ രാജിവെക്കുകയും ചെയ്തു .
Recent Comments