സുരേഷ് ഗോപി, സുമലത, ഉര്‍വശി, ദേവന്, വിജയരാഘവന്, സിദ്ദിഖ് തുടങ്ങിയവര്‍ ഒരു ഹിന്ദി ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്ന് കേട്ടാല്‍ ഒരു പക്ഷേ ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. 1988-ലാണ് ഇങ്ങനെയൊരു വന്‍ താരനിരയില്‍ ഒരു ഹിന്ദി ചിത്രം പുറത്ത് വന്നത്. ഇന്നായിരുന്നുവെങ്കില്‍ എത്രമാത്രം ഹൈപ്പ് ആ ചിത്രത്തിന് ലഭിക്കും എന്ന് പറയേണ്ടതില്ലല്ലോ. മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാനായ ജോഷിയുടെ സംവിധാനത്തില്‍ വന്ന ഹിന്ദി ചിത്രമായിരുന്നു അത്.
മലയാള സിനിമ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ് ന്യൂഡല്‍ഹി. തുടര്‍ പരാജയങ്ങളില്‍ നിന്ന് മമ്മൂട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് നല്കിയ ചിത്രം. ഡെന്നീസ് ജോസഫാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച രണ്ടാമത്തെ കൊമേഴ്ഷ്യല്‍ തിരക്കഥയായിട്ടാണ് മണിരത്നം ന്യൂഡല്‍ഹിയെ വിശേഷിപ്പിച്ചത്. ഹിന്ദി, കന്നട, തെലുങ്ക് ഭാഷകളിലും ജോഷിയുടെ സംവിധാനത്തില്‍ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.
ജിതേന്ദ്രയായിരുന്നു ഹിന്ദിയില്‍ മമ്മൂട്ടിയുടെ വേഷം കൈകാര്യം ചെയ്തത്. ഏറ്റവും കൂടുതല്‍ മലയാള നടീനടന്മാര് അഭിനയിച്ച ഹിന്ദി ചിത്രം എന്ന റെക്കോര്‍ഡും ന്യൂഡല്‍ഹിയുടെ ഹിന്ദി റീമേക്കിന് സ്വന്തമാണ്. മമ്മൂട്ടിയും ജഗന്നാഥ വര്‍മ്മയും ചെയ്ത കഥാപാത്രങ്ങളെ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി എല്ലാ നടീനടന്മാരും ന്യൂഡല്‍ഹിയുടെ മലയാള പതിപ്പിലുള്ളരായിരുന്നു. ന്യൂഡല്‍ഹിയുടെ ഹിന്ദി പതിപ്പ് ഇറങ്ങിയിട്ട് 35 വര്‍ഷം തികയുകയാണ്.
മലയാളത്തില്‍നിന്ന് പ്രകടമായ വ്യത്യാസങ്ങളൊന്നുമില്ലാതെയാണ് ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. ഒരു ഫ്രെയിം ടു ഫ്രെയിം റിമേക്ക് എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം. ജഗന്നാഥ വര്‍മ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് റാസാ മുരാട് എന്ന ഹിന്ദി നടനായിരുന്നു. എന്നാല്‍ മലയാളത്തില്‍നിന്ന് വ്യത്യസ്തമായി മറ്റൊരു കഥാപാത്രത്തെയാണ് പ്രതാപചന്ദ്രന് ഹിന്ദിയില്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ പ്രതാപചന്ദ്രന് ജയിലറും ഹിന്ദി റീമേക്കില്‍ സുമലതയുടെ അച്ഛനുമാണ്. മലയാളത്തില്‍ സുമലതയുടെ അച്ഛന് കഥാപാത്രത്തെ അവതരിപ്പിച്ചത് പികെ എബ്രഹാമായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച ജി.കെ (ജി കൃഷ്ണമൂര്‍ത്തി) എന്ന കഥാപാത്രം ജിതേന്ദ്ര അവതരിപ്പിച്ചപ്പോള്‍ അത് വി.കെ (വിജയ കുമാര്‍) എന്നായി മാറി. ബാക്കി കഥാപാത്രങ്ങളുടെ പേരുകളെല്ലാം മലയാളത്തിലുള്ളത് തന്നെയായിരുന്നു.
ജോഷിയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമായിരുന്നു ഇത്. ഇതിന്റെയും ഛായാഗ്രഹകന് ജയനന്‍ വിന്‍സെന്റും എഡിറ്റര്‍ കെ. ശങ്കുണ്ണിയുമായിരുന്നു. സുരേഷ് ഗോപിയും ഉര്‍വശിയും ഈ ഹിന്ദി പതിപ്പിനുശേഷം മറ്റൊരു ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഹിന്ദിയിലെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ഗ്യാന്‍ദേവ് അഗ്നിഹോത്രിയാണ്. മലയാളത്തിനെക്കാള്‍ 3 മിനിറ്റ് ദൈര്‍ഘ്യം കൂടുതലാണ് ഹിന്ദി പതിപ്പിന്. ‘സുന്ദരമായ സ്വപ്നത്തിന്റെ ഇന്ടോക്സിക്കേഷനിലാണ്’ എന്ന മമ്മൂട്ടിയുടെ ഐക്കോണിക്ക് ഡയലോഗ് സീന്‍ പക്ഷേ ഹിന്ദിയില്‍ ഇല്ല. മേക്കോവറിന്റെ കാര്യത്തിലും മലയാളത്തില്‍നിന്ന് വലിയ വ്യത്യാസങ്ങളൊന്നും ഹിന്ദി പതിപ്പിനും ഉണ്ടായിരുന്നില്ല. ആകെ ഒരു വ്യത്യസ്തമായ സ്റ്റൈലിംഗ് എന്ന് തോന്നിയത് സുമലതയുടെ കഥാപാത്രത്തിന് മാത്രമാണ്.
ദിനരാത്രങ്ങള്‍, വരവേല്‍പ്പ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച കെആര്‍ജി പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ അന്യഭാഷ റൈറ്റ്സ് സ്വന്തമാക്കിയത്. ഹിന്ദിയില്‍ നായക കഥാപാത്രമാകാന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ഡെന്നീസ് ജോസഫിനോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കെആര്‍ജിയുടെ ഹിന്ദിയിലെ സ്ഥിരം ഹീറോയായ ജിതേന്ദ്രയെ അപ്പോഴേക്കും ഫിക്സ് ചെയ്തു കഴിഞ്ഞിരുന്നു. അതിന് പകരം തമിഴില്‍ നായകനാക്കാം എന്ന അവരുടെ ഓഫര്‍ രജനികാന്ത് തള്ളി കളയുകയും ചെയ്തു. തമിഴില്‍ താന്‍ ഇപ്പോഴെ സൂപ്പര്‍ സ്റ്റാറാണ്, ഇത്തരമൊരു സ്ക്രിപ്റ്റില്‍ താന്‍ നായകനായാല്‍ തമിഴ് പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ചിത്രം ബോക്സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. പ്രത്യക്ഷത്തില്‍ വലിയ കാരണങ്ങളൊന്നുമില്ലെങ്കിലും, ഒരു ഘടകം ഹിന്ദി പ്രേക്ഷകര്‍ക്ക് പരിചിതമല്ലാത്ത താരനിര തന്നെയായിരിക്കാം. കഥാപാത്രത്തെ മോശമാക്കിയില്ലെങ്കിലും മമ്മൂട്ടിയുടെ അഭിനയമികവ് കൊണ്ടുവരാന്‍ ജിതേന്ദ്രയ്ക്കും കഴിഞ്ഞില്ല. രജനി നായകനായിരുന്നുവെങ്കില്‍ പടത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നു.
Recent Comments