നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭാഗികമായി സ്വകാര്യവല്‍ക്കരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അതേസമയം കെഎസ്ആര്‍ടിസി, കെഎസ്ഇബി കമ്പനി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭമുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ അവരെ സര്‍ക്കാരിന്റെ കീഴില്‍ തന്നെ നിലനിര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് സതീശന്റെ ഈ പരാമര്‍ശം
കേരളത്തില്‍ നഷ്ടത്തിലായ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭാഗിക സ്വകാര്യവല്‍ക്കരണം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആവശ്യപ്പെട്ടു. നഷ്ടത്തിലായ തിരഞ്ഞെടുത്ത പൊതുമേഖല കമ്പനികളുടെ ഉടമസ്ഥാവകാശത്തിന്റെ ഒരു ഭാഗം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് സാധ്യതകള്‍ സര്‍ക്കാര്‍ അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കേരള സര്‍ക്കാരിനോട് കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) ആവശ്യപ്പെട്ടിരുന്നു. നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ ഞെരുക്കമുള്ള സംസ്ഥാനത്തിന്റെ ധനകാര്യത്തില്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്ന കാര്യം സിഎജി ചൂണ്ടിക്കാണിക്കുകയും അവ സംസ്ഥാന ഖജനാവില്‍ ഉണ്ടാക്കുന്ന സാമ്പത്തിക ചോര്‍ച്ച തടയാന്‍ നിര്‍ണായക നടപടി ശുപാര്‍ശ ചെയ്യുകയും ചെയ്യുകയുണ്ടായി.
സാമ്പത്തികമായി പ്രതിസന്ധിയിലായ ഈ പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും ജീവനക്കാര്‍ കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സതീശന് വ്യക്തമാക്കി. സ്വകാര്യവല്‍ക്കരണ നീക്കത്തിന്റെ സാഹചര്യത്തില്‍ ദുരിതബാധിതരായ ജീവനക്കാരെ പുനരധിവസിപ്പിക്കുന്നതിന് വ്യക്തമായ പദ്ധതികളും ഉണ്ടായിരിക്കണമെന്നും നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അനന്തമായി ധനസഹായം നല്‍കുന്നത് സംസ്ഥാനത്തിന് തുടരാനാവില്ലെന്നുംപ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്വകാര്യവല്‍ക്കരണം സ്ഥാപനങ്ങളെ വാണിജ്യപരമായി ലാഭകരമാക്കുക മാത്രമല്ല, അതിലും പ്രധാനമായി അത്തരം കമ്പനികളില്‍ സര്‍ക്കാര്‍ അതിന്റെ ഉടമസ്ഥാവകാശത്തിന്റെ ഒരു ഭാഗം ഓഫ് ലോഡ് ചെയ്യുമ്പോള്‍, ഓഹരി വില്‍പ്പനയില്‍ നിന്ന് ഗണ്യമായ പണം സമ്പാദിക്കാനും കഴിയുമെന്നാണ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ക്യാന്‍ ചാനല്‍ മീഡിയയോട് പറഞ്ഞത്.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 55 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2022 സെപ്റ്റംബര്‍ വരെ സമര്‍പ്പിച്ച അന്തിമ കണക്കുകള്‍ പ്രകാരം 654.99 കോടി രൂപ ലാഭം നേടി. അതേസമയം 63 പൊതുമേഖലാ സ്ഥാപനങ്ങള്‍ 4,065.38 കോടി രൂപ വരെ വലിയ നഷ്ടം വരുത്തി. നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭ-നഷ്ടം വരുത്തിയില്ല.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ അടച്ചുപൂട്ടുന്നതിനോ സ്വകാര്യവല്ക്കരിക്കുന്നതിനോ താന്‍ അനുകൂലമല്ലെന്നും എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് എന്നെന്നേക്കുമായി മുഖം തിരിക്കാന്‍ കഴിയില്ല’ല്ലെന്നും സതീശന് പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി അപകടകരമായ അവസ്ഥയിലാണെന്നും പൊതുജനങ്ങളുടെ പണം മുടക്കി ഈ സ്ഥാപനങ്ങള്‍ക്ക് അധികകാലം സബ്സിഡി നല്‍കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് ഓര്‍മിപ്പിച്ചു.എന്നാല്‍, കെഎസ്ആര്‍ടിസി, കെഎസ്ഇബിഎല്‍, കേരള വാട്ടര്‍ അതോറിറ്റി (കെഡബ്ല്യുഎ) തുടങ്ങിയ പൊതുമേഖലാ സേവനങ്ങളെ ഒരു കാരണവശാലും സ്വകാര്യ വല്‍ക്കരണത്തിലേക്ക് കൊണ്ടുവരരുതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ലാഭമുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ അവരെ സര്‍ക്കാരിന്റെ കീഴില്‍ തന്നെ നിലനിര്‍ത്തണം.
Recent Comments