കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര പുസ്തക മേളയില്‍ ‘സിനിമയും എഴുത്തും’ എന്ന വിഷയത്തെ അധീകരിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് എന്ന സിനിമയ്ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. അടിമുടി നെഗറ്റീവ് കണ്ടെന്റ് നിറഞ്ഞ സിനിമയാണ് അതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം. ഇതിന് പിന്നാലെ ഇടവേള ബാബുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ധാവരയൊളി അണ്ണന് എന്ന പേരിലുള്ള ഇന്റഗ്രാം പേജില്‍നിന്ന് ഒരാള്‍ ഇടവേള ബാബുവിനെയും മരിച്ചുപോയ അദ്ദേഹത്തിന്റെ മാതാപിതാക്കളെയും താരസംഘടനയായ ‘അമ്മ’യെയും തെറിവിളികളോടെ അധിക്ഷേപം ചൊരിഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ഇടവേള ബാബു സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഈ പേജ് കൈകാര്യം ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദ് എന്ന ആളിനെ പോലീസ് കണ്ടെത്തിയിരുന്നു. വിവാദ വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ ആദ്യ വീഡിയോ നീക്കം ചെയ്തതിന് പിന്നാലെ ഇടവേള ബാബുവിനെയും പോലീസിനെയും തെറി വിളിച്ചുകൊണ്ട് മറ്റൊരു വീഡിയോ പുറത്തുവിട്ടു. ഇതേത്തുടര്‍ന്ന് ഇടവേള ബാബുവിന്റെ പരാതിയിന്മേല് പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. നിലവില്‍ കൊച്ചിയിലെ സൈബര്‍ പോലീസ് സ്റ്റേഷനിലാണ് കൃഷ്ണപ്രസാദ് ഉള്ളത്.
ഇതാദ്യമായിട്ടല്ല കൃഷ്ണപ്രസാദ് മറ്റുള്ളവരെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റുകള്‍ ഇടുന്നത്. അസഭ്യ പദപ്രയോഗങ്ങളിലൂടെയാണ് അദ്ദേഹം ചിലരുടെയെങ്കിലും ‘സവിശേഷ’ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നത്. ഇതിനെതിരെ പരാതിപ്പെടാന്‍ ആരും ധൈര്യം കാണിക്കാത്ത പശ്ചാത്തലത്തില്‍ സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു വിദ്വാന്. ഇടവേളബാബുവിന്റെ പരാതിയോടെ തല്‍ക്കാലമെങ്കിലും അതിന് താഴ് വീണിരിക്കുകയാണ്.
Recent Comments