വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷർ അസദും കുടുംബവും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽഅഭയം പ്രാപിച്ചു . അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയതായി റഷ്യൻ ന്യൂസ് ഏജൻസികളെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നു.ആഴ്ചകളായി സിറിയയിൽ സുന്നികളുടെ നേതൃത്വത്തിൽ ഷിയാ ഭരണകൂടത്തിനെതിരെ കലാപം നടക്കുകയായിരുന്നു
അസദും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മോസ്കോയിൽ എത്തിയിട്ടുണ്ട്, മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് റഷ്യ അവർക്ക് അഭയം നൽകിയത്’- ക്രെംലിൻ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു. ഇന്നലെ മുഴുവൻ ബാഷർ അസദ് എവിടെ എന്ന ദുരൂഹത ഉയർന്നിരുന്നു. വിമതർ തലസ്ഥാനം പിടിച്ചെടുക്കുന്ന സമയത്താണ് ദമാസ്കസ് വിമാനത്താവളത്തിൽ നിന്ന് സിറിയൻ വിമാനം പറന്നുയർന്നത്.
അസദിന്റെ വിമാനം തുടക്കത്തിൽ സിറിയയുടെ തീരപ്രദേശത്തേക്കാണ് പറന്നത്. അസദിന്റെ ശക്തികേന്ദ്രമാണ് ഈ പ്രദേശം. എന്നാൽ പെട്ടെന്ന് യൂ-ടേൺ എടുത്ത് കുറച്ച് മിനിറ്റ് എതിർ ദിശയിലേക്ക് പറന്ന വിമാനം പിന്നീട് മാപ്പിൽ നിന്ന് അപ്രത്യക്ഷമായതോടെയാണ് ബാഷർ അസദ് എവിടെ എന്നതിനെ സംബന്ധിച്ച ദുരൂഹത ഉയർന്നത്. വിമാനം വെടിവച്ചിട്ടോ അല്ലെങ്കിൽ ട്രാൻസ്പോണ്ടർ സ്വിച്ച് ഓഫ് ചെയ്തോ തുടങ്ങിയ അഭ്യൂഹങ്ങളാണ് ഉയർന്നത്.
ബാഷർ അൽ അസദിന്റെ 24 വർഷത്തെ ഭരണം അവസാനിപ്പിച്ചാണ് വിമത സൈന്യം സിറിയ പിടിച്ചടക്കിയത്. സിറിയ പിടിച്ചെടുത്തതായി വിമത സൈന്യമായ ഹയാത് താഹ്രീർ അൽഷാം അവകാശപ്പെട്ടു. ‘കഴിഞ്ഞ 50 വർഷമായി സിറിയ ബാത്തിസ്റ്റ് ഭരണത്തിന്റെ അടിച്ചമർത്തലിലായിരുന്നു. 13 വർഷത്തെ കുറ്റകൃത്യം, സ്വേച്ഛാധിപത്യം, കുടിയൊഴുപ്പിക്കൽ എന്നിവയെല്ലാം അതിജീവിച്ച് ഒരു നീണ്ട പോരാട്ടത്തിന് ശേഷം അധിനിവേശ ശക്തികളെയും നേരിട്ട് സിറിയ ഇരുണ്ട യുഗം അവസാനിപ്പിച്ച് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണ്. സിറിയ സ്വതന്ത്രമായിരിക്കുന്നു. പുതിയ സിറിയ പരസ്പര സഹകരണത്തോടെയാകും ഇനി പ്രവർത്തിക്കുക’-വിമത സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബാഷർ അൽ അസദ് രാജ്യം വിട്ടെന്ന വാർത്തകൾക്ക് പിന്നാലെ, ആയിരക്കണക്കിന് ആളുകൾ സിറിയൻ തെരുവുകളിൽ ആഹ്ലാദ പ്രകടനം നടത്തി. തലസ്ഥാനമായ ദമാസ്കസിൽ സ്ഥാപിച്ചിരുന്ന ബാഷർ അൽ അസദിന്റെ പിതാവിന്റെ പ്രതിമകൾ ജനങ്ങൾ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Recent Comments