പ്രധാനമന്ത്രി വയനാട്ടിലെ ദുരിത ബാധിത മേഖലയില്‍ നാളെ സന്ദര്‍ശനം നടത്തും. ആദ്യം അദ്ദേഹം കണ്ണൂരിലാണ് എത്തുക. അവിടെ നിന്ന് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണം നടത്തും. ദുരിതാശ്വാസ മേഖലയിലെത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
റെക്കോര്‍ഡ് സമയത്തിനുള്ളില്‍ സൈന്യം നിര്‍മിച്ച ബെയ്ലി പാലം സന്ദര്‍ശിച്ചേക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നാട്ടുകാരെയും ദുരന്തത്തില്‍ മരിച്ച രക്ഷാപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെയും അദ്ദേഹം കാണും. മേപ്പാടിയിലെ ആശുപത്രിയും സെന്റ് ജോസഫ് ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദര്‍ശിക്കും.
കല്പറ്റയില് ജില്ലയിലെ ഉദ്യോഗസ്ഥര്‍, കരസേനാ ഉദ്യോഗസ്ഥര്‍, എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തും. എന്താണ് സംഭവിച്ചതെന്നും രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചും പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ അറിയിക്കും.
സമയം അനുവദിച്ചാല്‍ ചൂരല്‍മലയിലെ ഒരു ക്യാമ്പ് കൂടി അദ്ദേഹം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. തിരിച്ച് കണ്ണൂരിലെത്തി മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ദുരിതമേഖല സന്ദര്‍ശിച്ച് സംസ്ഥാനത്തിന് അനുകൂലമായ നിലപാട് സ്വാകരിക്കുമെന്ന പ്രതിക്ഷയുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ പങ്കുവെച്ചിരുന്നു. ദുരന്തമേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘവും ജില്ലയില്‍ എത്തിയിരുന്നു.
Recent Comments