കോൺഗ്രസിൽ മുകൾ തട്ടിലുള്ള അടി താഴെ തട്ടിലേക്ക് വ്യാപിക്കുന്നു .നേരത്തെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മുകൾ തട്ടിൽ മാത്രമായിരുന്നു .ഇപ്പോൾ താഴെ തട്ടിലേക്കും വ്യാപിച്ചു കഴിഞ്ഞു എന്നതിനു തെളിവാണ് കഴിഞ്ഞ ദിവസം മിൽമ എറണാകുളം മേഖല തെരെഞ്ഞെടുപ്പിലുണ്ടായ തെരഞ്ഞെടുപ്പിലെ നാടകീയ സംഭവ വികാസങ്ങൾ .
രമേശ് ചെന്നിത്തലയുടെ അനുകൂലികളെ വെട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അനുയായികൾ മിൽമയുടെ ഭരണ നേതൃത്വം പിടിച്ചെടുത്തു .വി ഡി സതീശന്റെ വിശ്വസ്തനായ സി എൻ വത്സല പിള്ളയെ മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കുകയും ചെയ്തു.ചെന്നിത്തല പക്ഷത്തുള്ള ജോൺ തെരുവത്ത് ,സോണി ഈറ്റക്കൽ ,പോൾ മാത്യു എന്നിവരെയാണ് സതീശൻ പക്ഷം വെട്ടിയതെന്നാണ് ആരോപണം.ഇതിനെതിരെ കെപിസിസി നേതൃത്വത്തിന് ചെന്നിത്തല പക്ഷം പരാതി നൽകിയിട്ടുണ്ട്.മുൻ ധാരണകൾ അട്ടിമറിച്ചാണ് സതീശൻ പക്ഷം പ്രവർത്തിച്ചതത്രെ
മിൽമ എറണാകുളം മേഖല തെരെഞ്ഞെടുപ്പിൽ കെപിസിസി പ്രഖ്യാപിച്ച ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചതിനു കെ കെ ജോൺസണെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.മിൽമ എറണാകുളം മേഖല യൂണിയനിൽ കോൺഗ്രസിനു മൃഗീയ ഭൂരിപക്ഷമുണ്ട്.15 അംഗ ഭരണ സമിതിയിൽ 10 അംഗങ്ങളാണ് കോൺഗ്രസിനുള്ളത് .
അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തലയോ ,വി ഡി സതീശനോ എന്ന തർക്കം നേതൃത്വ തലത്തിൽ കൊഴുക്കുമ്പോഴാണ് ഇരു നേതാക്കളുടെയും അനുഭാവികൾ താഴെ തട്ടിൽ അടി തുടങ്ങിയിട്ടുള്ളത് .ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് സമയത്ത് രമേശ് ചെന്നിത്തലയുടെയും ,വി ഡി സതീശന്റെയും ഗ്രൂപ്പുകൾ തമ്മിലുള്ള ഗ്രൂപ്പ് യുദ്ധങ്ങൾ കലാപമായി മാറാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.ഒരു കാലത്ത് കെ കരുണാകരനും എ കെ ആന്റണിയും തമ്മിൽ നടന്നിരുന്ന ഗ്രൂപ്പ് യുദ്ധത്തിനു സമാനമാണ് ഇതെന്ന് ചില കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
കോൺഗ്രസുകാരുടെ ശത്രുക്കൾ കോൺഗ്രസുകാരാണ് .1962 ൽ മുഖ്യമന്ത്രിയായ ആർ ശങ്കർ മുഖ്യമന്ത്രിയായത് മുതൽ കോൺഗ്രസിന്റെ ഗ്രൂപ്പ് യുദ്ധം ആരംഭിച്ചതാണ്.സ്വന്തം നേതാവിനെ വീഴ്ത്താനാണ് കോൺഗ്രസ് നേതാക്കൾ കുഴികുത്തുന്നത് .കെ കരുണാകരൻ ,എ .കെ ആന്റണി എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയത് കോൺഗ്രസ് നേതാക്കൾ ആയിരുന്നു.അക്കാലത്ത് ആന്റണിയുടെ എ ഗ്രൂപ്പും കരുണാകരന്റെ ഐ ഗ്രൂപ്പും തമ്മിലായിരുന്നു പോരാട്ടം .ഉമ്മൻ ചാണ്ടിക്കാണ് കോൺഗ്രസ് ആഭ്യന്തര കലാപത്തിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാതിരുന്നത് .അതേ സമയം ഗ്രൂപ്പ് യുദ്ധം മൂലം 2016 ലെ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടു .അതിനു ശേഷം ഏതാണ്ട് ഒമ്പത് വർഷമായി എൽ ഡി എഫാണ് കേരളം ഭരിക്കുന്നത് .
2026 ൽ നടക്കുവാൻ പോകുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി ഇപ്പോഴേ മത്സരം തുടങ്ങിയിട്ടുള്ളത് .മുഖ്യമന്ത്രി കുപ്പായം തുന്നി കോൺഗ്രസിൽ കാത്തിരിക്കുന്നത് ഏഴു നേതാക്കളാണ് .രമേശ് ചെന്നിത്തല,വി ഡി സതീശൻ ,കെ സി വേണുഗോപാൽ ,കെ മുരളീധരൻ ,ശശി തരൂർ ,കെ സുധാകരൻ ,എം എം ഹസൻ എന്നിവരാണ് .അതിൽ ഏറ്റവും കൂടുതൽ സാധ്യത മേശ് ചെന്നിത്തല,വി ഡി സതീശൻ ,കെ സി വേണുഗോപാൽ എന്നിവർക്കാണ് .അതിൽ തന്നെ അണികൾ തമ്മിൽ അടി ഉണ്ടായിരിക്കുന്നത് രമേശ് ചെന്നിത്തല,വി ഡി സതീശൻ എന്നിവരുടെ അനുയായികൾ തമ്മിലാണ് .
Recent Comments