ജിബു ജേക്കബ്ബിന്റെ കീഴില്‍ സംവിധാന സഹായിയായിരുന്നു സിന്റോ സണ്ണി. നാല് സിനിമകളില്‍ ജിബുവിനോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ജിബു ജേക്കബ്ബിന്റെ എല്ലാം ശരിയാകും എന്ന സിനിമിയുടെ ഷൂട്ടിംഗ് കവറേജിന് മൂന്നാറില്‍ എത്തിയപ്പോള്‍ സിന്റോ സണ്ണിയെ പരിചയപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തെ വിളിച്ചപ്പോള്മാത്രമാണ് മനസ്സിലായത്. അന്ന് ഏറെനേരം അദ്ദേഹം ഞങ്ങളോട് സംസാരിച്ചിരുന്നത് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു. ആ സൗഹൃദത്തിന്റെ പച്ചപ്പിലാണ് സിന്റോ സണ്ണി ‘പാപ്പച്ചന് ഒളിവിലാണ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ കാന്‍ ചാനലുമായി പങ്കുവച്ചത്.
‘മേ ഹൂം മൂസ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. ജിബുസാറിന്റെ അസിസ്റ്റന്റായി ഞാന്‍ ആ സിനിമയിലും വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. അവിടെവെച്ച് സൈജു ചേട്ടനാണ് നമുക്കൊരു സിനിമ ചെയ്യണ്ടേയെന്ന് എന്നോട് ചോദിച്ചത്. അവിടം മുതല്ക്കാണ് ഞാനൊരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് തുടങ്ങിയത്. പിന്നീട് എന്റെ നാട്ടില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് ഞാന്‍ സൈജു ചേട്ടനോട് പറഞ്ഞു. അത് അദ്ദേഹത്തിന് ഇഷ്ടമായി. ആ ത്രെഡില്നിന്നുകൊണ്ട് ഞാനൊരു തിരക്കഥ എഴുതി പൂര്‍ത്തിയാക്കി. അതാണ് പാപ്പച്ചന് ഒളിവിലാണ് എന്ന ചലച്ചിത്രം. തീര്‍ത്തും ഒരു ഹ്യൂമര്‍ ചിത്രമാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്നാണ് സൈജുചേട്ടന്‍ പാപ്പച്ചനെ വിലയിരുത്തിയിരിക്കുന്നതും. എന്റെ ഗുരു കൂടിയായ ജിബുസാറും ഈ ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. ഒരു പോലീസ് ഓഫീസറുടെ വേഷമാണ്. അതും എനിക്ക് ഇരട്ടി സന്തോഷം നല്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് രണ്ടാഴ്ക്ക് മുമ്പാണ് പൂര്‍ത്തിയായത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. അടുത്ത ആഴ്ചയോടുകൂടി ഡബ്ബിംഗ് ആരംഭിക്കും. രണ്ട് മാസത്തിനുള്ളില്‍ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. അതിന്റെ ആദ്യ പടിയായിട്ട് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. അതും സൈജു ചേട്ടന്റെ ജന്മദിനത്തില്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ വൈകാതെ അറിയിക്കാം.’ സിന്റോ സണ്ണി പറഞ്ഞു.
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജുവിനെയും ജിബുവിനെയും കൂടാതെ വിജയരാഘവന് ജഗദീഷ്, അജുവര്‍ഗ്ഗീസ്, ജോണി ആന്റണി, കോട്ടയം നസീര്‍, ശിവജി ഗുരുവായൂര്‍, ജോളി ചിറയത്ത്, ശരണ്‍രാജ്, സിജു മാടക്കര, വീണാനായര്‍ എന്നിവരും അഭിനയിക്കുന്നു. സ്രിന്ദയും ദര്‍ശനയുമാണ് നായികമാര്‍. ബി. ഹരിനാരായണന്, സിന്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശ്രീജിത്ത് നായര്‍ ഛായാഗ്രാഹണവും രതിന് രാധാകൃഷ്ണന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോള് പ്രശാന്ത് നാരായണനാണ്.
Recent Comments