കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനിനായുള്ള തെരച്ചില്‍ ഏഴാം ദിനവും തുടരുകയാണ്. കരയില്‍ പരിശോധന തുടരാനാണ് സൈന്യത്തിന്റെ തീരുമാനം.റോഡില്‍ മലയോട് ചേര്‍ന്നുള്ള ഭാ?ഗത്ത് ലോറിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനം. മണ്ണിനടിയില്‍ ലോറി ഇല്ലെന്ന് പൂര്‍ണ്ണമായും ഉറപ്പിക്കുന്നത് വരെ മണ്ണ് നീക്കും. ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങളും സൈന്യം ഉപയോഗിക്കും. കരയിലെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമാകും പുഴയില്‍ വിശദമായ പരിശോധന നടത്തുക. കരയിലെ മണ്ണിനടിയില്‍ തന്നെ ലോറി ഉണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കരയില്‍ ലോറിയില്ല എന്ന് ഇന്നലെ റവന്യൂ മന്ത്രി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കുടുംബം ഇത് തള്ളി രംഗത്ത് വന്നിട്ടുണ്ട്.
വെള്ളത്തിലേക്ക് ട്രക്ക് പോയിട്ടുണ്ടെന്ന് സംശയം ഉണ്ടെങ്കില്‍ കരയിലേതു പോലെ അവിടെയും തെരയണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. ഇനിയെങ്കിലും തെരച്ചിലിന് വേഗം കൂട്ടണമെന്നും വീഴ്ച കുറക്കണമെന്നുമാണ് ഇവരുടെ അപേക്ഷ. അര്‍ജുനെ കണ്ടെത്താതെ ഷിരൂരിലുള്ള ബന്ധുക്കള്‍ മടങ്ങി വരില്ല. കാത്തിരിക്കാനെ തങ്ങള്‍ക്ക് ഇപ്പോള്‍ കഴിയൂവെന്നും കുടുംബംപറഞ്ഞു.
രക്ഷാദൗത്യത്തിനായി ഇന്നലെ സൈന്യമെത്തിയിരുന്നു. കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധന നടത്താനാണ് തീരുമാനം. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും.
അതേ സമയം, അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹര്‍ജി നല്‍കിയത്. കര്‍ണാടക സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ദൗത്യം സൈന്യത്തെ ഏല്‍പ്പിച്ച് രാവും പകലും രക്ഷാപ്രവര്‍ത്തനം തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനും കര്‍ണാടക സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.
കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്. അര്ജുന് അടക്കം പത്തുപേരാണ് അത്യാഹിതത്തില്‍പ്പെട്ടത്. ഏഴുപേരുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. കര്‍ണാടകയില്‍ നിന്ന് തടി കൊണ്ടുവരാന്‍ മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായി അര്ജുന് ഈ മാസം എട്ടിനാണ് പോയത്. 16നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കഴിഞ്ഞ ദിവസം ജിപിഎസ് സാന്നിധ്യം ദുരന്ത സ്ഥലത്താണെന്ന് ഭാരത് ബെന്‍സ് കമ്പനി ലോറി ഉടമയെ അറിയിച്ചതോടെതാണ് അര്‍ജുനെ കാണാനില്ലെന്ന വിവരം നാട്ടില്‍ അറിഞ്ഞത്.
Recent Comments