മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിരുന്നു സംഭവം നടന്നത്. ലോറിയുടെ ലൊക്കേഷന്‍ റഡാറില്‍ കണ്ടെത്തിയതായി സൂചന. എത്ര താഴ്ചയിലാണ് ലോറിയെന്നോ പുറത്തേക്ക് എടുക്കണമെങ്കില്‍ എത്ര സമയം വേണ്ടി വരുമെന്നോയുള്ള കാര്യത്തില്‍ വിവരം ലഭ്യമല്ല. പല ഭാഗങ്ങളില്‍ നിന്നും മണ്ണ് മാറ്റിയതിന് ശേഷമേ ലോറി പുറത്തേക്കെടുക്കാനാകൂ എന്നാണ് അധികൃതര്‍ പറയുന്നത്. അര്‍ജുനെ കൂടാതെ, മറ്റ് രണ്ട് പേരും കണ്ടെത്താനുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ലോറിയുടെ മുകളിലായുള്ള മണ്ണ് നീക്കാന്‍ ആരംഭിച്ചു.
ഇന്നലെ രാത്രി ഒന്‍പതു മണിക്ക് നിര്‍ത്തിവച്ച തെരച്ചില്‍ രാവിലെ ആറരയോടെയാണ് പുനരാരംഭിച്ചത്. എന്ഡിആര്എഎഫിന്റെയും നേവിയുടെയും ഫയര്‍ഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അര്‍ജുനെ കണ്ടെത്താനുള്ള അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച ആയിരുന്നു ദേശീയപാത 66ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണ് ഒഴുകിയിരുന്നു.ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു.
Recent Comments