മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന പുരസ്കാരം രതീഷ് ബാലകൃഷ്ണന് പൊതുവാളിന് നേടിക്കൊടുത്ത ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വെര്ഷന് 5.25.
വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ ദുസ്സഹമായപ്പോള്‍ അച്ഛന് ഭാസ്കരന് പൊതുവാളിന് മകന് സമ്മാനിച്ചതാണ് ഒരു ചെറിയ യന്ത്രമനുഷ്യനെ. യന്ത്രമനുഷ്യനോട് ആദ്യം മുഖം തിരിച്ചെങ്കിലും പിന്നീടത് ഭാസ്കരന് പൊതുവാളിന്റെ ജീവിതത്തിന്റെ ഭാഗമായി തീരുകയാണ്. ഒടുവിലത് മകന്റെതന്നെ ജീവന് ഭീഷണിയായിത്തീരുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
ഈ ചിത്രത്തിലെ പ്രകടനത്തെ മുന്‍നിര്‍ത്തി സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ഇതാ രണ്ടാംഭാഗം ഒരുങ്ങുന്നു. രതീഷ് പൊതുവാള് തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നത്. സന്തോഷ് കുരുവിളയാണ് നിര്‍മ്മാതാവ്. സുരാജും സൗബിനും റോബോട്ടും ഈ ചിത്രത്തിലുമുണ്ട്. ഒപ്പം ഒരു പ്രധാന വേഷത്തില്‍ ടൊവിനോ തോമസും എത്തുന്നു.
‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ ഷൂട്ടിംഗ് സമയത്തൊന്നും അതിനൊരു രണ്ടാംഭാഗം ഉണ്ടാകുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല. ഷൂട്ടിംഗ് തീര്‍ക്കാനുള്ള പെടാപാടുകളിലായിരുന്നു. എന്നാല്‍ സിനിമ ഇറങ്ങി അത് വിജയിക്കുകയും പ്രേക്ഷകപ്രശംസ കിട്ടുകയും ചെയ്ത സാഹചര്യത്തിലാണ് ചിലരെങ്കിലും അതിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്താന്‍ തുടങ്ങിയത്. സത്യത്തില്‍ അതിന്റെ സാധ്യതകളെക്കുറിച്ച് അപ്പോഴാണ് ആലോചിക്കാന്‍പോലും തുടങ്ങിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ചെറിയ ഐഡിയ കിട്ടിയപ്പോള്‍ നിര്‍മ്മാതാവ് സന്തോഷ് കുരുവിളയെ വിളിച്ച് കാര്യം പറഞ്ഞു. നമുക്കത് ചെയ്യാമെന്നാണ് അദ്ദേഹവും പറഞ്ഞത്. എഴുത്തിലേയ്ക്ക് ഇപ്പോള്‍ കടന്നിട്ടേയുള്ളൂ.’ രതീഷ് തുടര്‍ന്നു.
‘ഇത് ആദ്യഭാഗത്തിന്റെ തുടര്‍ച്ചയാണെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ അതിലെ കഥാപാത്രങ്ങളെയെല്ലാം നിലനിര്‍ത്തിയിട്ടുണ്ട്. റോബോട്ടിന്റെ കഥയാണ് രണ്ടാംഭാഗത്തില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഭാസ്കരന് പൊതുവാളും (സുരാജ്) സുബ്രഹ്മണ്യനുമൊക്കെ (സൗബിന്) കടന്നു വരുന്നുണ്ടെന്നുമാത്രം. എന്നാല്‍ മറ്റൊരു കഥാപാത്രത്തെ സൃഷ്ടിക്കുന്നുണ്ട്. അതാണ് ടൊവിനോയോട് സംസാരിക്കാനിരിക്കുന്നതും.’
‘ഒന്നാം ഭാഗത്തെപ്പോലെതന്നെ ഇതിന്റെ പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ക്കും കുറച്ച് സാവകാശം വേണം. പ്രീപ്രൊഡക്ഷനെന്നതുകൊണ്ട് വലിയ സെറ്റുവര്ക്കുകളോ വലിയ സ്കെയിലിലുള്ള നിര്മ്മിതിയോയല്ല ലക്ഷ്യമിടുന്നത്. ആദ്യഭാഗത്തിലുള്ള റോബോട്ടിനെ, ആ രൂപത്തിലേയ്ക്ക് എത്തിക്കാന്‍തന്നെ എനിക്ക് ഒന്നരവര്‍ഷത്തോളം വേണ്ടിവന്നു. അതുപോലെ ഇതിലും കുറെയേറെ പണികളുണ്ട്. VFX നും സാധ്യതയേറെയുള്ള ചിത്രമാണ്. അതിനുള്ള സാവകാശം കിട്ടണം. അതിനുശേഷമേ സിനിമ തുടങ്ങൂ.’ രതീഷ് പറഞ്ഞുനിര്‍ത്തി.
Recent Comments