ടൊവിനോ തോമസിനും സംവിധായകന് ജൂഡ് അന്തോണിക്കും നിര്‍മ്മാതാവ് ആന്റോ ജോസഫിനുമൊപ്പള്ള ഫോട്ടോ കഴിഞ്ഞ ദിവസമാണ് ബാദുഷ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘വരുന്നു…’ എന്ന അടിക്കുറിപ്പുമുണ്ടായിരുന്നു. പുതിയ പ്രോജക്ടാകുമെന്നാണ് ആദ്യം കരുതിയത്. ബാദുഷയെ വിളിക്കുമ്പോഴാണ് കാര്യങ്ങള്‍ക്ക് കുറേക്കൂടി വ്യക്തത കൈവന്നത്.
‘2019 ല്‍ തുടങ്ങിയ പ്രോജക്ടാണ്. 2403 ഫീറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. കേരളത്തിലുണ്ടായ പ്രളയത്തെ അവലംബിച്ച് ഒരുങ്ങുന്ന ചിത്രമാണ്. അതിന്റെ സെക്കന്റ് ഷെഡ്യൂള്‍ തുടങ്ങാന്‍ പോവുകയാണ്. ജൂണില്‍ ഷൂട്ടിംഗ് ആരംഭിക്കും.’ ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍ കൂടിയായ ബാദുഷ പറഞ്ഞു.
ടൊവിനോതോമസും തന്വീര്റാമും അഭിനയിച്ച ആദ്യ ഷെഡ്യൂള്‍ പെട്ടെന്ന് ഓര്‍മ്മയിലെത്തി. കാലടിയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. രണ്ട് ഷെഡ്യൂളുകളിലായി പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സെക്കന്റ് ഷെഡ്യൂള്‍ തുടങ്ങാനായില്ല. അതിനാണിപ്പോള്‍ പച്ചക്കൊടി ഉയര്‍ന്നിരിക്കുന്നത്. ഇതിന്റെ ചര്‍ച്ചകള്‍ക്കായിട്ടായിരുന്നു ജൂഡ് അന്തോണിയും ആന്റോ ജോസഫും ബാദുഷയും ടൊവിനോയെ കാണാനെത്തിയത്.
കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത്, ആസിഫ് അലി, മഞ്ജുവാര്യര്‍ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ടാകുമെന്ന് പ്രോജക്ട് അനൗണ്‍സ് ചെയ്യപ്പെടുമ്പോള്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇവരാരും ചിത്രത്തിലുണ്ടാവില്ലെന്ന് ബാദുഷ പറഞ്ഞു. ‘പക്ഷേ പുതിയ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും. ടൈറ്റിലിലും ചിലപ്പോള്‍ മാറ്റങ്ങള്‍ വന്നേക്കാം.’ ബാദുഷ കൂട്ടിച്ചേര്‍ത്തു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂഡ് അന്തോണിയും ജോണ്‍ മന്തിരിക്കലും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അഖില്‍ ജോര്‍ജാണ്. വൈക്കത്താണ് സെക്കന്റ് ഷെഡ്യൂള്‍ ആരംഭിക്കുന്നത്.
Recent Comments