മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിംഗിന് ഹൈദരാബാദില്‍ തുടക്കം കുറിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന് ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ-ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്സിന്റെ വൈ. നവീനും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സ് ആദ്യമാണ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്.
വിവിധ ലൊകേഷനുകളിലായി നൂറ്റി ഇരുപത് ദിവസത്തോളം ചിത്രീകരണം നീളുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് വരുന്നത് നാല്പത് കോടിയോളമാണ്. സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും മുടക്കുമുതല്‍ വരുന്ന ചിത്രം കൂടിയാണിത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. ഹൈദരാബാദില്‍ പന്ത്രണ്ട് ദിവസം നീണ്ടു നില്ക്കുന്ന ഷൂട്ടിംഗ് പ്രധാനമായും രാമോജി ഫിലിം സിറ്റി, ഗോല്‍കൊണ്ട ഫോര്‍ട്ട്, ബന്ജാര ഹില്‍സ് എന്നീ ലൊക്കേഷനുകളിലാണ് നടത്തുക. പിന്നീട് കൊച്ചിയിലേക്ക് തിരികെ എത്തുന്ന ടീം ദുബായ്, കാശ്മീര്‍ എന്നിവിടിങ്ങളിലായി തുടര്‍ന്നുള്ള ചിത്രീകരണം പൂര്‍ത്തിയാക്കും.
‘സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ഏഴെട്ടു വര്‍ഷക്കാലമായി അഭിനയമേഖലയില്‍ സൂപ്പര്‍ താര പദവിയില്‍ നില്ക്കുന്ന ‘ഡേവിഡ് പടിക്കലി’ന്റെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ കടന്നു വരുന്നു. ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ‘നടികര്‍ തിലക’ത്തിലൂടെ ലാല്‍ ജൂനിയര്‍ അവതരിപ്പിക്കുന്നത്. ടൊവിനോയ്ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന് ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്.
ധ്യാന്‍ ശ്രീനിവാസന്, അനൂപ് മേനോന്, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, മണിക്കുട്ടന്, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അര്ജുന്, ദിവ്യ പിള്ള, നന്ദകുമാര്‍, ഖാലീദ് റഹ്മാന്, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടന്‍, ഷോണ്‍ സേവ്യര്‍, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ആരാധ്യ, അഖില്‍ കണ്ണപ്പന്, ഖയസ് മുഹമ്മദ്, ജസീര്‍ മുഹമ്മദ് എന്നിവര്‍ക്കൊപ്പം ഭാവനയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.
Recent Comments