സിനിമാസ്വപ്നങ്ങള്‍ക്ക് പിറകെ ഒരു ചെറുപ്പക്കാരന് വട്ടമിട്ട് പറക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതാകുന്നു. ഒടുവില്‍ കഴിഞ്ഞ ശരത്കാലം കൊഴിഞ്ഞുപോകാന്‍ തുടങ്ങുംമുമ്പേ കൂടേറി. ഫലപ്രാപ്തിക്കായുള്ള കാത്തിരിപ്പാണിപ്പോള്‍. ആഗസ്റ്റ് 27 ന് സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അത് ആരവങ്ങളേറ്റ് വാങ്ങുന്നതായി അയാള്‍ സ്വപ്നം കാണുന്നു. ആ ചെറുപ്പക്കാരന്റെ സ്വപ്നം പൂവണിയട്ടെ. മലയാളസിനിമയ്ക്ക് അയാളൊരു വാഗ്ദാനമായിത്തീരട്ടെ.
ആ ചെറുപ്പക്കാരന്റെ പേര് മാത്തുക്കുട്ടി. പത്രപ്രവര്‍ത്തകനാകാന്‍ കൊതിച്ചു, പത്രപ്രവര്‍ത്തകനായി. തുടക്കം വീക്ഷണം പത്രത്തില്‍നിന്ന്. അവിടുന്ന് റെഡ് എഫ്.എമ്മിലേയ്ക്ക്. പിന്നെ മനോരമയിലേയ്ക്ക്. ഇതിനിടെ യൂടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്കുവേണ്ടി സംഭാഷണങ്ങളെഴുതി.
അസോസിയേറ്റ് ഡയറക്ടറായിരുന്ന വിനീതിനുവേണ്ടി ഒരു കഥ എഴുതാന്‍ തുടങ്ങിയതാണ്. ഒടുവില്‍ മാത്തുക്കുട്ടി തന്നെ ആ സിനിമയുടെ സംവിധായകനുമായി. ചിത്രത്തിന്റെ പേര് കുഞ്ഞെല്‍ദോ. ആഗസ്റ്റ് 12 ന് കുഞ്ഞാലിമരക്കാര്‍ അറബികടലിന്റെ സിംഹം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി രണ്ടാഴ്ച പിന്നിടുമ്പോള്‍ കുഞ്ഞെല്‍ദോയും വെള്ളിത്തിരയിലെ ഇരുളിനുള്ളില്‍ തെളിയാന്‍ തുടങ്ങും. ആ ദിനങ്ങള്‍ എണ്ണിയെണ്ണി കാത്തിരിക്കുന്നതിനിടയിലാണ് മാത്തുക്കുട്ടി കാന്‍ ചാനലിനോട് സംസാരിച്ചത്.
‘എന്റെ കൈയിലൊരു കഥയുണ്ട്, അത് കേള്‍ക്കാനായി ആസിഫ് അലിയോട് പറയുന്നത് വിനീതേട്ടനാണ്. അങ്ങനെ അസി എന്നെ വിളിക്കുകയായിരുന്നു. യൂടൂ ബ്രൂട്ടസിന് മുമ്പേ ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ട്. റെഡ് എഫ്.എമ്മിനുവേണ്ടി നിരവധിത്തവണ ഞാന്‍ അസിയെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. ആ സൗഹൃദത്തിന്റെ തണലിലായിരുന്നു ഞങ്ങളുടെ സംസാരവും. കഥ കേട്ട് ഇഷ്ടമായപ്പോള്‍ നമ്മള് ചെയ്യുന്നുവെന്നുമാത്രമാണ് അസി പറഞ്ഞത്. സത്യത്തില്‍ 2013 ല്‍ തുടങ്ങിയ എഴുത്തുപരിപാടിയാണ്. 2019 ല്‍ നടന്നുകാണാനാണ് ആഗ്രഹമെന്ന് അസിയോട് പറഞ്ഞു. എന്റെ ആവശ്യം നീതിയുക്തമാണെന്ന് തോന്നിയതുകൊണ്ടാവാം അസി വളരെ പണിപെട്ടാണ് അദ്ദേഹത്തിന്റെ തിരക്കിട്ട ഷെഡ്യൂളുകളില്‍നിന്ന് 60 ദിവസം കണ്ടെത്തി എനിക്ക് തന്നത്. അസി കൂടെ നിന്നതുകൊണ്ടുമാത്രമാണ് കുഞ്ഞെല്‍ദോ സംഭവിച്ചത്.’
‘അടുത്ത കാലത്തായി അസി ചെയ്യുന്നതെല്ലാം പക്വതയാര്‍ന്ന കഥാപാത്രങ്ങളാണ്. അതില്‍നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തനാണ് കുഞ്ഞെല്‍ദോ. ഒരു തെറിച്ച പയ്യനെന്ന് കഥാപാത്രത്തെ വിശേഷിപ്പിക്കാം. വളരെ കാലത്തിനുശേഷം അസിയുടെ ഊര്‍ജ്ജത്തെ പൂര്‍ണ്ണമായും ഉപയോഗിച്ച ചിത്രമായിരിക്കും കുഞ്ഞെല്‍ദോ.’
‘എനിക്കൊരു കസിനുണ്ട്. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചവരാണ്. അവന്റെ ജീവിതത്തില്‍ നടന്ന ഒരു ഇന്‍സിഡന്റാണ് ഈ കഥയ്ക്കാധാരം. സിനിമയുടെ ഫസ്റ്റ് ഹാഫില്‍ നടക്കുന്ന മുഴുവന്‍ സംഭവങ്ങളും ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. രണ്ടാം പകുതിയിലാണ് കഥയ്ക്കുവേണ്ടി കുറച്ചെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത്. തീര്‍ത്തും നര്‍മ്മത്തില്‍ പറഞ്ഞുപോകുന്ന ഒരു ലൗസ്റ്റോറിയാണ് കുഞ്ഞെല്‍ദോ.’
‘ഞാനിപ്പോഴും ഓര്‍ക്കുന്നു, അതിലെ വളരെ വൈകാരികമായ ഒരു രംഗം. ക്ലൈമാക്സിനുമുമ്പുള്ള ദൈര്‍ഘ്യമേറിയ സീനാണത്. അതിനിടയിലുള്ള ഒരു ഷോട്ട്. അസി മാത്രമേയുള്ളൂ. ഗംഭീര പെര്‍ഫോമന്‍സായിരുന്നു. ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ വച്ചു. അത് കഴിഞ്ഞപ്പോള്‍ ഞാന്‍ അസിയുടെ അടുക്കലേയ്ക്ക് പോയിട്ട് പറഞ്ഞു. പത്തൊന്‍പത് വയസ്സുള്ള ഒരു പയ്യനുപകരം ഇരുപത്താറ് വയസ്സുള്ള ഒരാളാണ് ആ രംഗത്ത് അഭിനയിച്ചിരുന്നുവെങ്കില്‍ എന്ത് മാറ്റമാകും ഉണ്ടാവുക? എന്റെ ചോദ്യം കേട്ടയുടന്‍ അസി ഒരു ടേക്ക് കൂടി പോകാമെന്ന് പറഞ്ഞു. ആദ്യടേക്കിനേക്കാള് അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു രണ്ടാമത്തെ ടേക്കിലേത്. ആദ്യ ടേക്കില്‍ ആ കഥാപാത്രം അനുഭവിക്കുന്ന വേദനയും അതിന്റെ ആഴവുമൊക്കെയാണ് അസിയുടെ പ്രകടനത്തില്‍ നിഴലിച്ചത്. സെക്കന്റ് ടേക്കിലാവട്ടെ ആ കഥാപാത്രത്തോട് അത്ര സഹതാപം തോന്നത്തക്ക രീതിയിലുള്ള പ്രകടനമാണ് അസിയില്നിന്നുണ്ടായത്. രണ്ട് സ്പെക്ട്രത്തില്‍ നിന്നുള്ള പ്രകടനത്തെ അവിശ്വസനീയമെന്നല്ലാതെ മറ്റെന്താണ് പറയുക.’
‘പുതുമുഖതാരം ഗോപികാ ഉദയനാണ് നായിക. സിദ്ദിക്കും സുധീഷും രേഖയുമാണ് പരിചിതമായ താരങ്ങള്‍. എല്‍ദോയുടെ കലാജീവിതത്തിലേയ്ക്ക് കടന്നുവരുന്ന അനേകം പേരുണ്ട്. അവരെയെല്ലാം ഓഡിഷനിലൂടെ കണ്ടെത്തിയതാണ്.’
Recent Comments