തന്റേത് ബാലൻ കെ നായരുടെ വീട്ടിൽ നിന്ന് ടി ജി രവിയുടെ വീട്ടിലേക്ക് ഓടിക്കയറിയ പെൺകുട്ടിയുടെ അവസ്ഥയെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി നേതാവ് സജി മഞ്ഞക്കടമ്പിൽ. ജോസ് കെ. മാണിയെ വിട്ട് മോൻസ് ജോസഫിനെ ഒപ്പം ചേർന്നതിനെക്കുറിച്ചായിരുന്നു സജി മഞ്ഞക്കടമ്പിലിന്റെ പ്രതികരണം.
‘2016 പൂഞ്ഞാറിൽ മത്സരിക്കാൻ പാർട്ടി ചെയർമാൻ കെ.എം.മാണി ആവശ്യപ്പെട്ടതനുസരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. തുടർന്ന് ജോസ് കെ.മാണി ഇടപെട്ട് തന്റെ പേര് വെട്ടി. പിളർപ്പിനുശേഷം ജോസഫ് ഗ്രൂപ്പിന് ഒപ്പം നിന്ന തന്നെ മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ പിന്നിൽ നിന്ന് കുത്തുകയായിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നിന്ന് മത്സരിക്കാൻ പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ തന്റെ പേര് വെട്ടി കേരള കോൺഗ്രസ്-എമ്മിലായിരുന്ന പ്രിൻസ് ലൂക്കോസിന് സീറ്റ് നൽകി തന്നെ അപമാനിക്കുകയായിരുന്നു. ഫ്രാൻസിസ് ജോർജ് നാമനിർദേശ പ്രതിക സമർപ്പിക്കാൻ പോയത് പാർട്ടി ജില്ലാ പ്രസിഡന്റായ താൻ അറിഞ്ഞിരുന്നില്ല. മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ തന്നെ മനപൂർവം മാറ്റി നിർത്തുകയായിരുന്നുവെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു
Recent Comments