മലയാളത്തിലെ എവര്‍ ഗ്രീന്‍ കോമഡി പടങ്ങളില്‍ ഒന്നാണ് പഞ്ചാബി ഹൗസ്. റാഫിയും മെക്കാര്‍ട്ടിനും സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പാട്ടുകള്‍, കോമഡികള്‍ പോലെ തന്നെ നിത്യഹരിതമായവയാണ്. സുരേഷ് പീറ്റേഴ്സ് എന്ന സംഗീത സംവിധായകനെ മലയാളത്തിന് പരിചയപ്പെടുത്തിയതും പഞ്ചാബി ഹൗസായിരുന്നു.
90-കളില്‍ തമിഴില്‍ ചിക് പുക് റെയിലെ, പേട്ട റാപ് തുടങ്ങിയ എ.ആര്. റഹ്മാന് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സുരേഷ് പീറ്റേഴ്സ്. ബോക്സര്‍, ഹൈവേ എന്നീ മലയാള ചിത്രങ്ങളിലും അദ്ദേഹം ഗാനം ആലപിച്ചിട്ടുണ്ട്. റഹ്മാന് സംഘത്തിലെ ഗായകനെന്ന നിലയില്‍ പ്രശസ്തി വളര്‍ന്നപ്പോള്‍, സുരേഷ് പീറ്റേഴ്സ് ഒരു സംഗീതസംവിധായകനെന്ന നിലയില്‍ തന്റെ യാത്ര ആരംഭിച്ചു.
ആദ്യത്തെ സംഗീത സംവിധാന സംരംഭം ‘മിന്നല്‍’ എന്ന പേരിലുള്ള തമിഴ് സംഗീത ആല്‍ബം ആയിരുന്നു. ഈ ആല്‍ബം അസാധാരണമായ വിജയം കൈവരിച്ചു, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റു. കൂലി എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ സംഗീത സംവിധായകനായി അദ്ദേഹത്തിന്റെ അരങ്ങേറ്റം.
ഈ ആല്‍ബത്തിന്റെ കാസറ്റ് ഒരിക്കല്‍ മെക്കാര്‍ട്ടില്‍ മേടിക്കുകയുണ്ടായി. സുരേഷ് പീറ്റേഴ്സിന്റെ ഫോട്ടോയുള്ള കവര്‍ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് മെക്കാര്‍ട്ടിന്‍ അത് വാങ്ങാന്‍ തോന്നിയത്. വൈകാതെ മെക്കാര്‍ട്ടിന്‍ തന്റെ കാറിലെ സ്റ്റീരിയോ സിസ്റ്റത്തില്‍ ഈ ഗാനങ്ങള്‍ ലൂപ്പിലിട്ട് കേള്‍ക്കാന്‍ തുടങ്ങി.
അങ്ങനെ ഈ പാട്ടിനൊടുള്ള ആരാധന മൂത്ത് മദ്രാസിലെ പരിചയക്കാര് വഴി മെക്കാര്‍ട്ടില്‍ സുരേഷ് പീറ്റേഴ്സിനെ നേരിട്ട് കണ്ടു. വളരെ കുറച്ച് നേരത്തിലെ സംസാരത്തിലൂടെ സുരേഷ് പീറ്റേഴ്സിനെ സംഗീതഞ്ജന്‍ കൂടിയായ മെക്കാര്‍ട്ടിന്‍ ബോധിച്ചു. ഉടന്‍ തന്നെ തന്റെ അടുത്ത പടത്തില്‍ ഭാംഗ്ര സംഗീതത്തിന്റെ ശൈലിയിലുള്ള പാട്ടുകള്‍ ചെയ്യാമോ എന്ന് മെക്കാര്‍ട്ടിന്‍ ചോദിച്ചു. ഭാംഗ്ര എന്ന വാക്ക് കേട്ട പാട് സുരേഷ് പീറ്റേഴ്സ് സമ്മതം മൂളി.
സാഗാ അപ്പച്ചനായിരുന്നു പഞ്ചാബി ഹൗസിന്റെ നിര്‍മാതാവ്. ഇതുവരെ കേള്‍ക്കാത്ത പുതിയൊരു സംഗീത സംവിധായകനെ പരീക്ഷിച്ചാല്‍ ശരിയാകുമോ എന്ന ആശങ്ക സ്വഭാവികമായി അപ്പച്ചനുണ്ടായിരുന്നു. എന്നാല്‍ രണ്ടു മൂന്ന് ട്യൂണും സൗണ്ട് മിക്സര്‍ അടക്കമുള്ള ഉപകരണങ്ങളുമായി സുരേഷ് പീറ്റേഴ്സ് കൊച്ചിയില്‍ വന്ന് ലാന്റായി.
‘സോനാരെ സോനാരെ’ എന്ന് തുടങ്ങുന്ന ഡമ്മി വരികള്‍ ഉള്ള ഈണമാണ് ആദ്യം സുരേഷ് കേള്‍പ്പിച്ചത്. ആദ്യ കേള്‍വിയില്‍ തന്നെ പാട്ട് ഇഷ്ടപ്പെട്ട റാഫി മെക്കാര്‍ട്ടിനും കൂട്ടരും സോനാരെ എന്ന വാക്കും ചിത്രത്തിലെ പാട്ടില്‍ നിലനിര്‍ത്തി. പിന്നീട് കേള്‍പ്പിച്ച ‘ബല്ല ബല്ല’ എന്ന ഗാനത്തിന്റെ ട്യൂണും ഇഷ്ടപ്പെട്ടതോടെ റാഫി മെക്കാര്ട്ടിന്മാര് ഒരു ഗാനം എഴുതിയതിന് ശേഷം ട്യൂണ്‍ ചെയ്യാമോ എന്ന് ചോദിച്ചു.
ധൈര്യസമേതം ആ വെല്ലുവിളിയെയും സുരേഷ് പീറ്റേഴ്സ് ഏറ്റെടുത്തു. ‘എല്ലാം മറക്കാം നിലാവെ’ എന്ന എസ് രമേശന് നായരുടെ വരികള്‍ക്ക് സുരേഷ് നിമിഷ നേരം കൊണ്ട് ട്യൂണ്‍ ഉണ്ടാക്കി. ഒരു പാട്ട് കൂടി ചിത്രത്തില്‍ ആവശ്യമായി വരുന്നുണ്ട്. അതിന്റെ സിറ്റുവേഷന് സുരേഷിനോട് പറഞ്ഞതിന് ശേഷം മെക്കാര്‍ട്ടിന്‍ ഒരു ആവശ്യം മുന്നോട്ട് വെച്ചു. മിന്നലെ എന്ന ആല്‍ബത്തിലെ മുകിലെന്ന മഴയെന്ന എന്ന ഗാനത്തിന്റെ ട്യൂണ്‍ ഉപയോഗിക്കണം എന്നതായിരുന്നു ആ ആവശ്യം.
ട്യൂണ്‍ വീണ്ടും ഉപയോഗിക്കാന്‍ താല്പര്യമില്ലാതിരുന്ന സുരേഷ് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് നിര്‍ബന്ധത്തിന് വഴങ്ങി. അങ്ങനെ ഏറെക്കുറെ അതേ ട്യൂണിന് മലയാളം വരികള്‍ എഴുതിയതാണ് പഞ്ചാബി ഹൗസിലെ ‘എരിയുന്ന കനലിന്റെ’ എന്ന് തുടങ്ങുന്ന ഗാനം. എം.ജി. ശ്രീകുമാറാണ് ചിത്രത്തില്‍ ആ ഗാനം പാടിയിരിക്കുന്നത്. ‘മുകിലെന്ന മഴ’ എന്ന ഗാനത്തിന്റെ ഫീലിലേക്ക് വരാന്‍ കഴിഞ്ഞില്ലെങ്കിലും വ്യത്യസ്തമായ സൗണ്ടിംഗ് എന്ന നിലയില്‍ ‘എരിയുന്ന കനലിന്റെ’ എന്ന ഗാനം ഇന്നും ജനപ്രിയമാണ്.
Recent Comments