ജയവിജയന്മാരിലെ ജയന് (കെ.ജി. ജയന്) ഇന്ന് വിടവാങ്ങി. സംഗീതം ജീവിതം നാദാര്ച്ചനയാക്കി മാറ്റിയ സംഗീതജ്ഞരാണ് ജയവിജയന്മാര്. ഭക്തിയും സംഗീതവും രണ്ടല്ല ഒന്നാണെന്ന് തെളിയിച്ച സംഗീത രംഗത്തെ അപൂര്‍വ ഇരട്ടകളാണ് ഇവര്‍. ആയിരക്കണക്കിന് അയ്യപ്പഭക്തിഗാനങ്ങളിലൂടെ ജനപ്രിയനായി മാറിയ ജയന് മലയാളികളുടെ പ്രിയഗായകന് കൂടിയാണ്.
ജയവിജയന്മാരുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണ് ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി’. വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ ഗാനത്തിന്റെ മാറ്റ് കുറയാതെ നില്ക്കുന്നു. സംഗീതപഠനവുമായി ജയവിജയന്മാര് ചെന്നൈ മൈലാപ്പൂരിലെ വൃന്ദാവന്‍ ലോഡ്ജില്‍ താമസിക്കുന്ന കാലത്താണ് ഈ ഗാനത്തിന്റെ പിറവി. ഒരുദിവസം ഗാനരചയിതാവ് ബിച്ചുതിരുമല ജയവിജയന്മാരെ കാണാന്‍ വന്നു. പ്രസിദ്ധമായ കപാലീശ്വര ക്ഷേത്രം അവര്‍ താമസിക്കുന്നതിന്റെ സമീപമായിരുന്നു. അവിടെ ഒന്നു തൊഴുതിട്ടു വരാമെന്നു പറഞ്ഞു ബിച്ചുതിരുമല പോയി. കവിതകള്‍ എഴുതുന്ന ഡയറി മുറിയില്‍ വെച്ചിട്ടാണ് അദ്ദേഹം തൊഴാന്‍ പോയത്. ജയവിജയന്മാര് ആ ഡയറി എടുത്തു കവിതകളിലൂടെ കണ്ണോടിച്ചു.
അതിലൊരു കവിതയിലെ
‘ചെമ്പടതാളത്തില്‍
ശങ്കരാഭരണത്തില്‍
ചെമ്പൈ വായ്പാട്ടു പാടി’എന്ന വരികളില്‍ കണ്ണുടക്കി. അന്നു ജയവിജയന്മാര് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗുരുനാഥനെപ്പറ്റിയുള്ള പരാമര്‍ശം കണ്ടപ്പോള്‍ അവര്‍ക്ക് കൗതുകമായി. ‘നക്ഷത്രദീപങ്ങള്‍ തിളങ്ങീ…’ എന്നു തുടങ്ങുന്ന ആ കവിത അപ്പോള്‍ത്തന്നെ രണ്ടാളുംകൂടെ ട്യൂണ്‍ ചെയ്തു. ബിച്ചു തിരുമല തിരിച്ചുവന്നപ്പോള്‍ അവര്‍ കവിത പാടിക്കേള്‍പ്പിച്ചു. അദ്ദേഹം വിസ്മയിച്ചുപോയി. ഏതെങ്കിലും സിനിമയില്‍ സന്ദര്‍ഭം വരുകയാണെങ്കില്‍ ഉപയോഗിച്ചുകൊള്ളാന്‍ പറഞ്ഞ് ബിച്ചു തിരുമല പോയി.
തമിഴിലെ ‘ബാഗപ്പിരുവിനൈ’ എന്ന സിനിമ ‘നിറകുടം’ എന്ന പേരില്‍ ഭീംസിങ് എന്ന സംവിധായകന് മലയാളത്തിക്ക് റീമേക്ക് ചെയ്യാന്‍ ആലോചിക്കുന്ന സമയമായിരുന്നു അത്. ജയവിജയന്മാരെയാണ് സംഗീതസംവിധാനം ഏല്‍പ്പിച്ചിരുന്നത്. ഒരു കച്ചേരിയുടെ സന്ദര്‍ഭം ആ ചിത്രത്തിലുണ്ടായിരുന്നു. ഭീംസിങ്ങിന്റെ വീട്ടില്‍ ചെന്ന് ‘നക്ഷത്രദീപങ്ങള്‍…’ പാടി കേള്‍പ്പിച്ചപ്പോള്‍, അദ്ദേഹം ഭാര്യയെയും മക്കളെയും വിളിച്ചു: ”ദാ, ഗംഭീരമായൊരു പാട്ട്. വന്നു കേള്‍ക്കൂ” എന്നുപറഞ്ഞു. അങ്ങനെ ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി…’ എന്ന കവിത യാദൃച്ഛികമായി സിനിമയില്‍ വരുകയും ഹിറ്റാവുകയും ചെയ്തു.
നക്ഷത്രദീപങ്ങള്‍ തിളങ്ങി… കേള്‍ക്കാം
Recent Comments