ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് (സെപ്തംബര്‍ 10) ഹൈക്കോടതിക്ക് കൈമാറി. അനുബന്ധ രേഖകളടക്കം ഉള്‍പ്പെടുന്ന പൂര്‍ണമായ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ ഇന്ന് പ്രത്യേക ഡിവിഷന് ബെഞ്ചിനു മുന്‍പാകെ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലുള്ള പീഡന ആരോപണങ്ങളില്‍ ക്രിമിനല്‍ കേസെടുക്കണോയെന്ന കാര്യം ഡിവിഷന് ബെഞ്ച് പരിശോധിക്കും.
ജസ്റ്റിസുമാരായ എ.കെ. ജയശങ്കര്‍ നമ്പ്യാരും സി.എസ്. സുധയും ചേര്‍ന്ന രണ്ടംഗ ഡിവിഷന് ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്. പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ കോടതി ഡിവിഷന് ബെഞ്ച് രൂപവത്കരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം ഉയര്‍ന്ന പരാതികളിലെ ജാമ്യാപേക്ഷകളും തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളും ഈ ബെഞ്ച് പരിഗണിക്കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് ലൈംഗികാതിക്രമ പരാതിയുമായി മുന്നോട്ടുവന്നത്. മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, സംവിധായകന് രഞ്ജിത്, വി.കെ. പ്രകാശ് അടക്കമുള്ളവര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതികള്‍ നല്കി. പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
സിനിമാ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് 2019 ഡിസംബര്‍ 31 നാണ് ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നതിനുപിന്നാലെയാണ് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവര്‍ അടങ്ങിയ മൂന്നംഗ സമിതിയാണ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്.
റിപ്പോര്‍ട്ടിലെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കികൊണ്ടാണ് നാലര വര്‍ഷങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Recent Comments