‘തമിഴകത്തിന്റെ ഇയക്കുനര്‍ സിഗരം’ (സംവിധായക കൊടുമുടി) എന്നറിയപ്പെടുന്ന സംവിധായകനാണ് കെ.ബി എന്ന കെ. ബാലചന്ദര്‍. രജനികാന്ത്, ചിരഞ്ജീവി, സരിത, മാധവി തുടങ്ങിയ താരങ്ങളെ ചലച്ചിത്രലോകത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുവന്നത് ബാലചന്ദറാണ്.
തമിഴിലും തെലുങ്കിലുമായി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പല ഗണത്തിലുംപെട്ട ചിത്രങ്ങളായിരുന്നു അവയെല്ലാം. തണ്ണീര്‍ തണ്ണീര്‍, അച്ചമില്ലൈ അച്ചമില്ലൈ, പുതുപുതു അര്‍ത്ഥങ്കള്‍, അഴകന്, നെട്രികണ്‍, തില്ലുമുല്ല് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. സരിത എന്ന നടിയുടെ അഭിനയസിദ്ധി ഇത്രത്തോളം ഉപയോഗപ്പെടുത്തിയ മറ്റൊരു സംവിധായകന് വേറെയില്ല. കമല്‍ഹാസനിലെ അഭിനേതാവിനെ പാകപ്പെടുത്താന്‍ ഏറെ സഹായിച്ചിട്ടുള്ളതും കെ.ബിയുടെ ചിത്രങ്ങളാണ്. അതുകൊണ്ടുതന്നെ കമല്‍ തന്റെ ഗുരുനാഥന് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
1978 ല്‍ കെ. ബാലചന്ദ്രര്‍ സംവിധാനം ചെയ്ത തെലുങ്കുചിത്രമായിരുന്നു മറോചരിത്ര. സാമ്പത്തികമായി വന്‍ വിജയം നേടിയ ചിത്രംകൂടിയായിരുന്നു അത്. പിന്നീടിത് തിരകള്‍ എഴുതിയ കവിതൈ എന്ന പേരില്‍ തമിഴിലും മലയാളത്തിലും (തിരകള്‍ എഴുതിയ കവിത) മൊഴിമാറ്റം ചെയ്തു. കമല്ഹാസന്, സരിത, മാധവി എന്നിവര്‍ മത്സരിച്ചഭിനയിച്ച ചിത്രം അക്കാലത്ത് പണംവാരി ചിത്രങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു.
പിന്നീട് 1981 ല്‍ ഈ ചിത്രം ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്തു. സരിതയ്ക്ക് പകരം നായികയായത് രതി അഗ്നിഹോത്രിയായിരുന്നു. കമലിനും മാധവിക്കും മാറ്റമില്ലായിരുന്നു. ആറ് പാട്ടുകളായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. ആറും ഒന്നിനൊന്ന് മെച്ചം. ആനന്ദ് ബക്ഷിയുടെ വരികള്‍ക്ക് സംഗീതം ഒരുക്കിയത് ലക്ഷ്മികാന്ത്-പ്യാരിലാല്‍ എന്ന ഇരട്ടകളും. ആറില്‍ അഞ്ച് പാട്ടും പാടിയത് എസ്.പി. ബാലസുബ്രഹ്മണ്യമായിരുന്നു. നാല് പാട്ടുകള്‍ ലതാമങ്കേഷ്കറും ഒരു പാട്ട് അനുരാധ പഡ്വാളും പാടി.
ചിത്രത്തിന്റെ റിക്കാര്‍ഡിംഗ് വേളയില്‍ പക്ഷേ സംഗീത സംവിധായകരായ ലക്ഷ്മികാന്ത്-പ്യാരിലാല്‍ ബാലസുബ്രഹ്മണ്യത്തെക്കൊണ്ട് പാടിക്കില്ലെന്ന നിലപാടെടുത്തു. അതിനവര്‍ പറഞ്ഞ കാരണം എസ്.പി.ബിക്ക് ഹിന്ദി അറിയില്ലെന്നതായിരുന്നു. എസ്.പി.ബി പാടിയില്ലെങ്കില്‍ സിനിമ തന്നെ ഉപേക്ഷിക്കുമെന്ന നിലപാടായിലായിരുന്നു സംവിധായകനായ കെ. ബാലചന്ദര്‍. ‘സിനിമയിലെ നായകന് (കമല്ഹാസന് അവതരിപ്പിക്കുന്ന വാസു) ഹിന്ദി അറിയില്ല. പിന്നെന്തുകൊണ്ടാണ് ഗായകന് ഹിന്ദി അറിയണമെന്ന് വാശി പിടിക്കുന്നത്?’ ബാലചന്ദര്‍ ചോദിച്ചു. ഒടുവില്‍ ബാലചന്ദറിന്റെ ദൃഢനിശ്ചയത്തിനുമുന്നില്‍ സംഗീതസംവിധായകര്‍ക്ക് മുട്ട് മടക്കേണ്ടിവന്നു.
അതിന് ഫലം കണ്ടു. ‘തേരേ മേരേ ബീച് മേം’ എന്ന ഒറ്റ പാട്ടിലൂടെ ഇന്ത്യയൊട്ടാകെയുള്ള യുവാക്കളുടെ പ്രിയ ഗായകനായി എസ്.പി.ബി മാറി. തെന്നിന്ത്യയില്‍ മാത്രമല്ല, ബോളിവുഡിലും അദ്ദേഹം ഒട്ടേറെ ആരാധകരെ നേടിയെടുത്തു. ആ വര്‍ഷത്തെ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും ഈ പാട്ടിലൂടെ എസ്.പി.ബി സ്വന്തമാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത ഏക് ദുജേ കേലിയെ, ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രവുമായിരുന്നു.
ഇന്ന് (25-09-2022) എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഓര്‍മ്മദിനമാണ്.
Recent Comments