ഞങ്ങളുടേത് ഒരു കള്ളന്റെ കഥയായിരുന്നു. കഥ പൂര്‍ത്തിയായശേഷമാണ് താരത്തെ തേടാന്‍ തുടങ്ങിയത്. സൗബിനിലേയ്ക്ക് ആ കഥാപാത്രം ലോക്ക് ചെയ്യപ്പെടുമ്പോള്‍ മാത്രമാണ് അദ്ദേഹമൊരു കള്ളന്റെ വേഷം ചെയ്തിരുന്നുവെന്ന കാര്യം ഞങ്ങളറിയുന്നത്. ‘ചാര്‍ളി’യില്‍ സൗബിന് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരുതന്നെ കള്ളന് ഡിസൂസ എന്നായിരുന്നു. പിന്നീട് ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ ഒരു കഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളായിരുന്നു. ‘ചാര്‍ളി’യുമായി അതിനെ ഒരുതരത്തിലും കണക്ട് ചെയ്യാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ചു. പകരം കള്ളന് ഡിസൂസ എന്ന പേരുമാത്രം കടംകൊണ്ട് ഒരു തിരക്കഥ പൂര്‍ത്തിയാക്കി.
ശരിക്കും പറഞ്ഞാല്‍ സുഡാനി ഫ്രം നൈജീരിയയ്ക്കും മുമ്പാണ് ഞങ്ങള്‍ ഇതിന്റെ കഥ സൗബിനോട് പറയുന്നത്. അന്ന് സൗബിന് ഹീറോ വേഷങ്ങള്‍ ചെയ്തുതുടങ്ങിയിട്ടില്ല. കഥ സൗബിന് ഇഷ്ടമായി പിന്നീട് ‘ചാര്‍ളി’യുമായി കണക്ട് ചെയ്ത് കഥയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചപ്പോഴും അത് പരാജയപ്പെട്ടപ്പോഴും സൗബിന് ഞങ്ങള്‍ക്കൊപ്പം ഉറച്ചുനിന്നു. അതുകൊണ്ടാണ് ഈ പ്രോജക്ട് അനൗണ്‍സ് ചെയ്യാന്‍ സാധിച്ചത്. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ പ്രളയമുണ്ടായത് ആ സമയത്താണ്. അതോടെ സൗബിന് ഡേറ്റ് ക്ലാഷുകളുണ്ടായി. പിന്നീട് സൗബിനുവേണ്ടി ഞങ്ങള്‍ക്ക് ഒത്തിരി കാത്തിരിക്കേണ്ടിവന്നു. സൗബിനല്ലാതെ മറ്റൊരാളെ ആ വേഷത്തിലേയ്ക്ക് ചിന്തിക്കാന്‍പോലും ആകാത്തവിധം ഞങ്ങള്‍ ലോക്കായിപ്പോയിരുന്നു.
സത്യത്തില്‍ ഇതൊരു കള്ളന്റെ കഥ മാത്രമല്ല, ഒരു പോലീസിന്റെയും അയാളുടെ ഭാര്യയുടെയും കഥ കൂടിയാണ്. നര്‍മ്മത്തില്‍ പൊതിഞ്ഞ് പറയുന്ന ഒരു തികഞ്ഞ ഫാമിലി എന്റര്‍ടൈനര്‍.
പോലീസുകാരനെ അവതരിപ്പിക്കുന്നത് ദിലീഷ് പോത്തനാണ്. അദ്ദേഹം ഒരു ആക്ടര്‍ മാത്രമല്ല. കൃതഹസ്തനായ സംവിധായകന്‍കൂടിയാണ്. ഒരേസമയം രണ്ട് സംവിധായകരെ വച്ചാണ് ഞാന്‍ സിനിമ സംവിധാനം ചെയ്യേണ്ടത്. അതിന്റെ പേടി തുടക്കത്തിലുണ്ടായിരുന്നു. പക്ഷേ സൗബിനും ദിലീഷും ഒരു ടെന്‍ഷനും ഞങ്ങള്‍ക്ക് തന്നില്ല. പകരം ഞങ്ങളുടെ മനസ്സിനൊപ്പം നിന്നു. ചില സജഷനുകള്‍ പറയും. അത് ഓക്കെയാണെങ്കില്‍ മാത്രം വയ്ക്കാനും. അത് മാത്രമായിരുന്നു അവരുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകള്‍.
ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന സമയത്താണ് മരടിലെ സൗബിന്റെ ഫ്ളാറ്റും പൊളിക്കുന്നത്. മാനസികമായി സൗബിന് വളരെ ടെന്‍ഷനിലായിരുന്ന സമയമായിരുന്നു അത്. പക്ഷേ ആ ടെന്‍ഷനൊന്നും അദ്ദേഹം ഞങ്ങള്‍ക്ക് തന്നില്ല.
ഒടുവില്‍ എല്ലാ തടസ്സങ്ങളും നീങ്ങി ചിത്രം ജനുവരി 28 ന് തീയേറ്ററുകളിലെത്തുകയാണ്. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാനും. ജിത്തു കെ. ജയന് കാന്‍ ചാനലിനോട് പറഞ്ഞു.
ജിത്തു കെ. ജയന്റെ ആദ്യ സംവിധാന സംരംഭമാണ് കള്ളന് ഡിസൂസ. ഇപ്പോള്‍ പുതിയൊരു സിനിമയുടെ അണിയറയിലാണ് ജിത്തു. മാധ്യമപ്രവര്‍ത്തകന്‍കൂടിയായ മനു സി. കുമാറാണ് പുതിയ സിനിമയ്ക്കുവേണ്ടി തിരക്കഥ എഴുതുന്നത്. ആ കഥ സുരാജ് വെഞ്ഞാറമ്മൂടിനോട് പറയാനുള്ള കാത്തിരിപ്പിലാണ് ഇരുവരും.
Recent Comments