മൈന്റ് ഗെയിം ജെനുസ്സിലുള്ള അധികം ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല. മലയാളത്തില്‍ പ്രത്യേകിച്ചും. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാംമുറ ആ ഗണത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ്. അതിന്റെ വ്യക്തമായ സൂചനകള്‍ ട്രെയിലര്‍ നല്‍കുന്നുണ്ട്.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുടെയും കഥാസഞ്ചാരം പവര്‍ ഗെയിമിലൂടെയായിരുന്നു. ബിജുമേനോനും പൃഥ്വിരാജും പ്രകടനംകൊണ്ട് മത്സരിച്ച് മുന്നേറിയ ഒരു ചിത്രം. നാലാംമുറയിലേയ്ക്ക് വരുമ്പോള്‍ പൃഥ്വിക്ക് പകരക്കാരന് ഗുരു സോമസുന്ദരമാണ്. മറുവശത്ത് ബിജു മേനോന് ശക്തമായ സാന്നിദ്ധ്യം തുടരുകയാണ്. ഇവിടെയും ഇരുവരുടെയും മത്സരമുണ്ട്. ജയരാജും ജയേഷും തമ്മിലുള്ള മത്സരം. ജയരാജ് പോലീസ് ഉദ്യോഗസ്ഥനാണ്. ജയേഷ് തമിഴ്നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന ഒരു സാധാരണക്കാരനും. ബുദ്ധി കൊണ്ടുള്ള കളിയാണ് ഇരുവരും നടത്തുന്നത്. ആ ഗെയിമില്‍ ആര് ജയിക്കുമെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ ചിത്രത്തിന്റെ ട്രെയിലര്‍ ട്രെന്റിംഗ് ലിസ്റ്റിലേയ്ക്ക് കടക്കുകയാണ്. ദിവ്യ പിള്ള, അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ശാന്തി പ്രിയ, ഷീലു എബ്രഹാം, ശ്യാം, ഋഷി സുരേഷ് എന്നിവര്‍ക്കൊപ്പം മുപ്പത്തഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.
നാലാംമുറയുടെ സെന്‍സര്‍ പൂര്‍ത്തിയായതിന് പിന്നാലെ ആ ചിത്രം കണ്ട ഒരു ചലച്ചിത്ര പ്രവര്ത്തകന് അഭിപ്രായപ്പെട്ടത് ‘ശക്തമായൊരു സന്ദേശം നല്കുന്ന ചിത്രമെന്നാണ്.’ അതിന്റെയും ആവേശത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
UFI മോഷന്‍ പിക്ച്ചേഴ്സിന് വേണ്ടി കിഷോര്‍ വാര്യര്‍, ലക്ഷ്മിനാഥ് ക്രിയേഷനുവേണ്ടി സുധീഷ് പിള്ള, സെലി ബ്രാന്റിനുവേണ്ടി ഷിബു അന്തിക്കാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments