കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അജുവര്‍ഗ്ഗീസ് ഞങ്ങളെ വിളിച്ചിരുന്നു. അദ്ദേഹം തന്റെ മനസ്സിലുള്ള ഒരു സ്വപ്നം തുറന്നുപറഞ്ഞു. കാന്‍ ചാനലിനുവേണ്ടി അദ്ദേഹം ചിലരെ അഭിമുഖം ചെയ്യാനാഗ്രഹിക്കുന്നു. താനുമായി അത്ര ഹൃദയബന്ധമുള്ളവരുടെ പേരുകളാണ് അജു പറഞ്ഞത്. അതിലൊരാള്‍ നെടുമുടി വേണുവായിരുന്നു.
‘വേണുച്ചേട്ടന് എനിക്ക് ഗുരുസ്ഥാനീയനാണ്. ഞാന്‍ ആദ്യം അഭിനയിച്ച മലര്‍വാടിയില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചുവെന്നുമാത്രമല്ല, വലിപ്പച്ചെറുമില്ലാതെ ഞങ്ങളെ സഹായിച്ച ഒരു വലിയ മനുഷ്യസ്നേഹികൂടിയായിരുന്നു. മലര്‍വാടി കഴിഞ്ഞിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. എല്ലാ വര്‍ഷവും ജനുവരി ഒന്നാംതീയതി ഞാനെന്റെ ഗുരുനാഥനെ വിളിക്കും. വിശേഷങ്ങള്‍ തിരക്കും. ഇക്കഴിഞ്ഞ ജനുവരി ഒന്നിനും ഞാന്‍ ആ പതിവ് തെറ്റിച്ചില്ല. വേണുച്ചേട്ടനെ ഇന്റര്‍വ്യൂ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തോട് സംസാരിച്ച് എന്നെ വിളിച്ചാല്‍ മതി.’ അജു പറഞ്ഞു.
അതിന്റെ രണ്ടാംദിവസം നെടുമുടി വേണുവിനെ ഞങ്ങള്‍ വിളിച്ചിരുന്നു. ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു. അതിന്റെ അടുത്ത ദിവസങ്ങളില്‍ ജോലിത്തിരക്കുകളായി. യാത്രയും. തിരിച്ചുവന്നിട്ട് വിളിക്കാമെന്ന് കരുതി ഇരിക്കുകയായിരുന്നു.
എന്നാല്‍ ഇന്നലെ ഉച്ച മുതല്‍ ആ വാര്‍ത്ത ഞങ്ങളുടെ കാതുകളിലുമെത്തി. നെടുമുടി വേണു ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. മരണാസന്നനാണ്. പലരെയും വിളിച്ച് വാര്‍ത്ത സ്ഥിരീകരിച്ചു.
ഇന്ന് ഉച്ചയോടെ ആ വിയോഗവാര്‍ത്ത എത്തി. അതിനു പിന്നാലെ അജു ഞങ്ങളെ വിളിച്ചു. ദുഃഖം ഖനീഭവിച്ച് നില്ക്കുന്ന വാക്കുകളോടെ അദ്ദേഹം പറഞ്ഞു.
‘ചേട്ടാ എപ്പോഴാ ചടങ്ങുകള്‍. വല്ലതും അറിഞ്ഞോ. ഒന്ന് പോകണം. ഒന്ന് നേരില്‍ കാണാനാണ്.’ അജുവിന്റെ കണ്ഠമിടറി.
നെടുമുടി വേണുവിന്റെ അഭിമുഖം പകര്‍ത്തണമെന്നത് ഞങ്ങളുടെയും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. കാന്‍ ചാനല്‍ തുടങ്ങിയ സമയത്ത് ആദ്യം വിളിച്ച് അനുഗ്രഹം തേടിയതും അദ്ദേഹത്തെയായിരുന്നു. ‘നന്നായി വരും.’ അതായിരുന്നു വേണുച്ചേട്ടന് പറഞ്ഞ വാക്കുകള്‍.
ആ വാക്കുകള്‍ ഫലിച്ചു. കാന്‍ ചാനല്‍ നന്നായി പോകുന്നു. ആ വാക്കുകള്‍ ഇനി ഞങ്ങള്‍ക്ക് കേള്‍ക്കാനാകില്ല. അത് പകര്‍ത്താനുള്ള അവസരവും.
Recent Comments