ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ‘മാർക്കോ’. വൻ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന സിനിമ മലയാളത്തിലെ ഏറ്റവും വയലൻസുള്ള ചിത്രമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിലെ ചില രംഗങ്ങൾ സെൻസർ ബോർഡിന്റെ ആവശ്യപ്രകാരം മാറ്റിയിരുന്നു. ചിത്രം പുറത്തുവന്നതിന് പിന്നാലെ, സിനിമയിൽ റിയാസ് ഖാന്റെ അസാന്നിധ്യത്തെക്കുറിച്ച് വലിയ ചർച്ചകളുണ്ടായി.
ചിത്രത്തിൽ റിയാസ് ഖാൻ ഉണ്ടായിരുന്നുവെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് ഒരു വലിയ സങ്കടമായി അത് മാറി. ‘മാർക്കോ’യിൽ വെട്ടിക്കുറച്ച രംഗങ്ങളിലായിരുന്നു റിയാസ് ഖാൻ്റെ സീനുകൾ ഉണ്ടായിരുന്നത്. കാൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, സിനിമയിൽ തൻ്റെ സീനുകൾ ഇല്ലാതെ പോയതിനെക്കുറിച്ച് ആദ്യമായി സംസാരിക്കുകയാണ് റിയാസ് ഖാൻ.
“മാർക്കോ ഷൂട്ടിങ് സമയത്ത് ഉണ്ണി മുകുന്ദനും ഞാനും അടിച്ചുകേറി വാ റീൽ ചെയ്തു. അതിന് നന്നായി റീച്ച് കിട്ടി. ആ വീഡിയോ കാണുമ്പോൾ തന്നെ അറിയാം ഞാനും ഉണ്ണിമുകുന്ദനും നല്ല അടുപ്പമുള്ളവരാണെന്ന്. നിങ്ങൾ കണ്ട ലുക്കോ ഒന്നുമല്ല, ഞാൻ കണ്ട മാർക്കോയ്ക്ക്. എന്റേയും ഉണ്ണിയുടേയും വലിയൊരു ഭാഗം മറ്റൊരു മേക്കോവറിലാണ് ചെയ്തത്. ബ്ലാക് ആൻഡ് ബ്ലാക് സ്യൂട്ടിട്ടുള്ള ഗെറ്റ് അപ്പ് അല്ല. ഉണ്ണി വേറൊരു സ്റ്റൈലിലായിരുന്നു. “റിയാസ് ഖാൻ തുടർന്നു .
“അത് മുഴുവൻ സിനിമയിൽ ഇല്ല. അത്തരമൊരു ഭാഗത്തായിരുന്നു ഞാനുള്ളത്. എന്നെ സംവിധായകൻ ഹനീഫ് അദേനി വിളിച്ചു, മനഃപൂർവ്വമല്ല എന്ന് പറഞ്ഞു. അത് ഡയറക്ടറുടെ തീരുമാനമാണെന്ന് ഞാൻ പറഞ്ഞു. അത് അങ്ങനെ ആണെങ്കിലും തെറ്റില്ല. സംവിധായകനെ ഞാൻ ബഹുമാനിക്കുന്നു.”
“നടൻ എന്ന നിലയിൽ എനിക്ക് വളരെയധികം വിഷമമുണ്ട്. ഒരു ഹിറ്റ് പടത്തിൽനിന്ന് പുറത്താവുന്നതിലും വിഷമമുണ്ട്. ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ചിത്രത്തിൽ ഞാനുണ്ട്, പക്ഷേ ഇല്ല. ഇനി രണ്ടാം ഭാഗത്ത് ഞാനുണ്ടാകുമോ എന്നും എനിക്കറിയില്ല . പക്ഷേ മാർക്കോയിൽ എനിക്ക് അത്രയും പ്രതീക്ഷ ഉണ്ടായിരുന്ന രംഗങ്ങൾ തിയറ്ററിൽ കാണാൻ സാധിക്കാത്തതിൽ തീർച്ചയായും ദുഃഖമുണ്ട്.”
“കുറേപ്പേർ ഈ ചോദ്യംചോദിച്ചു, ഞാൻ ഉത്തരം ഒന്നും കൊടുത്തില്ല. സംവിധായകന്റെ ഇഷ്ടമാണ്, എനിക്ക് അറിയില്ല എന്ന് സിംപിളായി പറഞ്ഞു. ഇതാണ് യഥാർഥ സംഭവം. ആരും മനഃപൂർവ്വമല്ല. ഉണ്ണിക്കും ഭയങ്കര ഇഷ്ടമായിരുന്നു. ഉണ്ണിയാണ് എന്നെ വിളിച്ച് ഇക്കാ, ഇത് ചെയ്തു തരണം, ഈ പോർഷനിൽ നമ്മൾ രണ്ടുപേരും മാത്രമേയുള്ളൂ വേറെ ആരും ഇല്ല എന്ന് പറഞ്ഞത്. രണ്ടുപേരും കട്ടയ്ക്ക് കട്ടയുള്ള ഫൈറ്റ് ഉണ്ടായിരുന്നു. മനഃപൂർവ്വം ആരും ഒന്നും ചെയ്യില്ല. സാഹചര്യങ്ങളാണ് എല്ലാം. ആരും ആരുടെ വളർച്ചയും തടയാൻ പോവുന്നില്ല. “റിയാസ് ഖാൻ പറഞ്ഞു.
Watch Full Video:
Recent Comments