ആ തേങ്ങലിനു കാരണം 1997 ജൂണ്‍ 16 എന്ന ശപിക്കപ്പെട്ട ദിവസം. തിരുവനന്തപുരം കുഞ്ചാലുംമൂട്ടിലെ ‘സുമം’ എന്ന സ്നേഹവീടിനു നായകന് നഷ്ടമായ ദിവസം. 17 ന് പുറത്തിറങ്ങിയ പത്രങ്ങളില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി സാറിന്റെ ഒരു ചോദ്യമുണ്ടായിരുന്നു ‘അങ്ങ് എന്റെ ആരായിരുന്നു’ ഇത് തന്നെയാണ് എന്റെയും ചോദ്യം. ആരായിരുന്നു, അങ്ങ്…എന്റെ ആരായിരുന്നു.
സിനിമ ആശയും ആഗ്രഹവും സ്വപ്നവും ആയി അലഞ്ഞുതിരിഞ്ഞിരുന്ന കാലത്ത് സിനിമയില്‍ എത്തിപ്പെടാന്‍ വഴിയെന്തെന്നോ ആരെ സമീപിക്കണമെന്നോ അറിയില്ലായിരുന്നു. അന്വേഷണത്തിനൊടുവില്‍ മനസിലായി സിനിമാലോകത്തിന്റെ ഇരുമ്പുവാതില്‍ എന്നെ പോലെയുള്ള ഒരു ദുര്‍ബലനു തള്ളിതുറക്കാനാവില്ല എന്ന സത്യം.
പ്രതീക്ഷകള്‍ക്കേറ്റ മങ്ങലും വിശപ്പിന്റെ വിളിയും മറന്നു AVM ന്റെയും വാഹിനിയുടെയും വാതില്‍ നമുക്കായി എന്നെങ്കിലും തുറക്കും എന്ന പകല്‍സ്വപ്നവും കണ്ട് വിയര്‍ത്തുകുളിച്ചു കോടമ്പാക്കത് അലച്ചില്‍. 50 രൂപ വാടകയുള്ള മുറിയുടെ ഏകാന്തതയില്‍ പ്രതീക്ഷകള്‍ അറ്റ ദിവസങ്ങള്‍. മായാജാലങ്ങള്‍ നിറഞ്ഞ ആ സ്വപ്നഭൂമി കയ്യെത്തിപിടിക്കാവുന്ന അകലത്തിലല്ല എന്ന തിരിച്ചറിവില്‍ നില്ക്കുമ്പോള് ദൈവം എനിക്ക് മുന്നില്‍ പ്രത്യക്ഷപെടുന്നു…
ആരാണ് നമുക്ക് ദൈവം. മാതാ പിതാ ഗുരു ദൈവം ഈ ക്രമത്തിലാണ് നമ്മള് പഠിച്ചതും നമ്മെ പഠിപ്പിച്ചതും. വിശക്കുന്നവന്റെ മുന്നില്‍ ദൈവം ഭക്ഷണ രൂപത്തില്‍ വേണം പ്രത്യക്ഷപെടാന്‍ എന്നും കേട്ടിട്ടുണ്ട്. ഗുരു എന്ന് പറയുമ്പോള്‍ ജീവിക്കാന്‍ മാര്‍ഗം കാണിച്ചു തരുന്ന ആള് നമുക്ക് ഗുരുവാണ് ദൈവമാണ്. അങ്ങനെയാവുമ്പോള്‍ സുകുമാരന്‍ സാര്‍ ആണ് എന്റെ ദൈവം. അങ്ങ് എന്റെ ആരായിരുന്നു എന്ന ചോദ്യത്തിന് ഞാന്‍ കണ്ടെത്തിയ ഉത്തരം. അശോക് നഗറിലെ റാം കോളനിയിലെ 24 ആം നമ്പറിട്ട ആ ക്ഷേത്രത്തില്‍ ഞാന്‍ ദൈവത്തെ നേരില്‍ കണ്ടു.
തനിക്കു ശരിയെന്നു തോന്നുന്ന അഭിപ്രായം മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്ന, വിഷയങ്ങളോട് ശക്തമായി പ്രതികരിക്കുന്ന തന്റേടിയായിരുന്നു സമൂഹത്തിനു സുകുമാരന്‍ സാര്‍. അഭിനയത്തിലെ സ്വാഭാവികതയും ഡയലോഗ് പ്രസന്റേഷനിലെ ചടുലതയും മൂലം ഡയലോഗ് വീരനായിരുന്നു കാണികള്‍ നെഞ്ചേറ്റിയ സുകുമാരന്‍ സാര്‍ സിനിമാപ്രേമികള്‍ക്ക്. തമാശക്കാരനായ, സ്നേഹനിധിയായ അച്ഛന്, കരുതലുള്ള ഭര്‍ത്താവ്, ഭാവിയെപ്പറ്റി ദീര്‍ഘവീക്ഷണമുള്ള കുടുംബനാഥന് ഇതായിരുന്നു വീട്ടിലെ സുകുമാരന്‍ സാര്‍. ആ അഭിനയ സാമ്രാട്ടാണ് അകാലത്തില്‍ 49ആം വയസില്‍ പൊലിഞ്ഞു പോയത്. നേര്‍പാതിയുടെ…തന്റെ നായകന്റെ വേര്‍പാടിന്റെ ദുഃഖം മനസിലൊതുക്കി പറക്കമുറ്റാത്ത മക്കളെ..പ്രതിസന്ധികളില്‍ തളരാതെ, ദൃഡ നിശ്ചയത്തോടെ വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കിയ അമ്മ അതാണ് മല്ലികച്ചേച്ചി. മല്ലികചേച്ചി എന്ന അമ്മക്കിളിയുടെ ചിറകിനടിയില്‍ നിന്ന് പറന്നു പൊങ്ങി ആകാശത്തോളം ഉയരത്തില്‍ എത്തുമ്പോള്‍ ആ പിതാവിന് സ്വര്‍ഗ്ഗത്തില്‍ ഇരുന്നു തൊട്ടടുത്തു കാണാനാവും മക്കളുടെ ഉയര്‍ച്ച, വളര്‍ച്ച.
Recent Comments