എമ്പുരാനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ, സംവിധായകൻ പൃഥ്വിരാജ് സുകുമാരന് പിന്തുണയുമായി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും സംവിധായകൻ ഡിജോ ജോസ് ആന്റണിയും രംഗത്തെത്തി. “അന്നും ഇന്നും എന്നും പൃഥ്വിരാജ് സുകുമാരനൊപ്പം” എന്ന സന്ദേശം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് ഷാരിസ് മുഹമ്മദ് തന്റെ പിന്തുണ അറിയിച്ചത്. ഡിജോ ജോസ് ആന്റണി ഈ പോസ്റ്റ് സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.
ഷാരിസിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകർ “ജന ഗണ മന”യുടെ രണ്ടാം ഭാഗം എപ്പോഴാകും വരിക എന്ന ചോദ്യം ഉയർത്തിയിട്ടുണ്ട്. ഷാരിസിന്റെ തിരക്കഥയിൽ ഡിജോ സംവിധാനം ചെയ്ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തിയ “ജന ഗണ മന” വലിയ ശ്രദ്ധ നേടിയിരുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ ഈ രാഷ്ട്രീയ ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തേക്കുള്ള ആകാംക്ഷയോടെയാണ് ആരാധകരുടെ ചോദ്യം.
Bekyk hierdie plasing op Instagram
അതേസമയം, എമ്പുരാനെതിരെയുള്ള വിവാദങ്ങൾ സജീവമായതോടെ, സിനിമയിൽ നിന്നു ചില ദൃശ്യങ്ങൾ നീക്കം ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചു. വിവാദ ഭാഗങ്ങളെക്കുറിച്ച് ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സിനിമയിലെ ചില ഭാഗങ്ങൾ മാറ്റാനുള്ള തീരുമാനം ഒരുമിച്ചാണെന്നു അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മോഹൻലാലിന്റെ ഈ പ്രസ്താവന പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും ഷെയർ ചെയ്തു.
വിവാദഭാഗങ്ങൾ നീക്കം ചെയ്ത “എമ്പുരാൻ” ചൊവ്വാഴ്ച പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങൾ നീക്കം ചെയ്തതിന് ശേഷം ചിത്രത്തിന്റെ ഗ്രേഡിങ് ഉൾപ്പെടെയുള്ള അവസാന ഘട്ട ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്. വില്ലൻ കഥാപാത്രമായ ‘ബജ്റംഗി’ എന്ന പേരിനെ ‘ബൽരാജ്’ എന്നാക്കാനാണ് നിർമാതാക്കളുടെ പുതിയ തീരുമാനം.
കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാനുള്ള സെൻസർ ബോർഡിന്റെ ഇടപെടൽ ഉണ്ടായെങ്കിലും, തുടർന്ന് നടന്ന ചർച്ചയിൽ നിർണായക ദൃശ്യങ്ങൾ മാത്രം ഒഴിവാക്കാൻ തീരുമാനമായി.
Recent Comments