ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് 35 വര്‍ഷം തികയുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ചിത്രത്തിലെ ഗാനങ്ങളുടെ പുതുമ നഷ്ടപ്പെട്ടിട്ടില്ല. രഞ്ജിനി കാസറ്റ്സായിരുന്നു ആല്‍ബം പുറത്തിറക്കിയത്. ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് ഹിറ്റുകളായി തീര്‍ന്നു. കണ്ണൂര്‍ രാജന്റെ ഈണങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് ഷിബു ചക്രവര്‍ത്തിയാണ്. പില്ക്കാലത്ത് പ്രശസ്തിയാര്‍ജിച്ച ഗാനത്തിന് മുമ്പുള്ള നടന്മാരുടെ ശബ്ദത്തിലുള്ള ആമുഖം തുടങ്ങിയതും ചിത്രം ആല്‍ബത്തില്‍ നിന്നാണ്.
പങ്കജ് ഹോട്ടലിലെ മുകളിലെ ഹാളിലിരുന്ന് പ്രിയന് മദ്യപാനത്തിനിടെയാണ് ആദ്യം എംജിയോട് തന്റെ പുതിയ പടത്തിന്റെ പേര് ചിത്രമെന്നാണെന്നും മോഹന്‍ലാലാണ് നായകനെന്നും പറയുന്നത്. അങ്ങനെ സിനിമയെ കുറിച്ചുള്ള സംസാരം മുറുകി വന്നു. അപ്പോള്‍ സിനിമയില്‍ മോഹന്‍ലാല്‍ കാണിക്കുന്ന ഫോട്ടോ എടുക്കുന്ന രംഗത്തെ കുറിച്ച് പ്രിയന് സൂചിപ്പിച്ചു. ഇരുകൈകളിലെയും രണ്ടു വിരലുകള്‍ വിലങ്ങനെ വെച്ചതിന് ശേഷം വിരലുകള്‍ തമ്മില്‍ മുട്ടിക്കുന്ന ആക്ഷനാണ് അത്.
നമുക്ക് വേണമെങ്കില്‍ അവിടെയൊരു പാട്ട് അടിച്ച് മാറ്റാമെന്ന് എംജി പ്രിയനോട് ഉടന്‍ പറഞ്ഞു. ‘പൂവേ നല്ല പൂവേ… എന്ന ബാബുരാജിന്റെ പഴയ പാട്ട് ഉണ്ട്. അതില്‍ ഇതു പോലൊരു ഒച്ചയുണ്ട്.’ ക്യാമറയുടെ ഷട്ടര്‍ സൗണ്ട് പോലെ ‘ചിക് ചിക്’ എന്ന ശബ്ദം ഈ പഴയ പാട്ടിലുമുണ്ട്. അങ്ങനെ ആ പാട്ടിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് മാറ്റങ്ങളോടെ കണ്ണൂര്‍ രാജന് സംഗീതം ചെയ്ത ഗാനമാണ് നമ്മള് ഇന്ന് കേള്‍ക്കുന്ന ‘പാടം പൂത്ത കാലം’ എന്ന ഗാനം. ഇതേ ട്യൂണില്‍ സുജാതയുടെ ശബ്ദത്തില്‍ ‘പാടം കൊയ്യും മുന്‍പേ’ എന്ന് തുടങ്ങുന്ന നാല് വരിയുള്ള ഗാനം ആല്‍ബത്തിലുണ്ട്. എന്നാല്‍ സിനിമയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല.
ഇതുപോലെ തന്നെ സാമ്യതയുള്ള പാട്ടാണ് ‘ദുരെ കിഴക്കുദിച്ചു മാണിക്യ ചെമ്പഴുക്ക’ എന്ന ഗാനം. ഇളയരാജയുടെ മേഘം കറുക്കയിലെ എന്ന തമിഴ് പാട്ട് തിരിച്ചിട്ടാണ് ഈ ഗാനത്തിന്റെ ഈണം ഒരുക്കിയിരിക്കുന്നത്. ഈ പാട്ടിന്റെ ഗാനരചന നടന്നത് മദ്രാസിലെ പാംഗ്രൂവ് ഹോട്ടലിലായിരുന്നു. മടിയില്‍ തലയിണയും വച്ച് ഷിബു ചക്രവര്‍ത്തി നാടോടി ശൈലിയിലുള്ള ഈണത്തിന് കാതോര്‍ത്തു. അധികം വൈകാതെ തന്നെ ഷിബുവിന് മാണിക്യ ചെമ്പഴുക്ക എന്ന വാക്ക് വീണു കിട്ടി. തുടര്‍ന്ന് സുഖമമായ രചന.
‘തുളു നാടന്‍ പൂമ്പട്ടു വിരിച്ചു വച്ചു
മണിമാരന്‍ ഈ രാവില്‍ എന്തു പകരം തരും…
നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ ചെന്തളിര്‍ ചുണ്ടത്തു മുത്തം തരും…’
ചരണം പൂര്‍ത്തിയാക്കാന്‍ ഒരു വരികൂടി ബാക്കിയുള്ളപ്പോള്‍ മുറിയിലേക്കു പ്രിയദര്ശന് കയറി വന്നു. എഴുതിയതത്രയും വായിച്ച് പ്രിയദര്ശന് ഒരു കൊനുഷ്ട് ചോദ്യമെറിഞ്ഞു. ‘ഇനി താന്‍ എന്തെഴുതും?’ ആഹാ! ഒരു പെണ്ണിനെ കെട്ടിപ്പിടിച്ച് ചെന്തളിര്‍ ചുണ്ടത്ത് മുത്തം കൊടുക്കുമല്ലേ? കാണട്ടെ ഇനി താന്‍ എന്തെഴുതും?’ കൈയാംഗ്യവുമായി പ്രിയന്റെ ചോദ്യം. പെട്ടുപോയി എന്ന് ഷിബുവിന് മനസ്സിലായത് അപ്പോഴാണ്.
‘കാണട്ടെ കാണട്ടെ ഇനിയുമെന്തെഴുതും’ പ്രിയദര്ശന് പ്രകോപനം തുടര്‍ന്നു. രണ്ടും കല്പിച്ച് ഒരു വരികൂടിയെഴുതി പ്രിയന് നേരെ ഷിബു പേപ്പര്‍ നീട്ടി.
‘ഒരു കൃഷ്ണതുളസിപ്പൂ നുള്ളിമുടിത്തുമ്പില് ചാര്ത്തിതരും’. പ്രണയത്തിനും ഒരു പടി മുകളിലേക്കു പോയ ആ വരി കണ്ട്മുഖം തെളിഞ്ഞ് പ്രിയന് ഗംഭീരമെന്ന് പറഞ്ഞ് കയ്യടിച്ചു.
കാസറ്റിന് ലെങ്ങ്ത് കൂട്ടാന്‍ വേണ്ടി കൂട്ടി ചേര്‍ത്ത പാട്ടാണ് സ്വാമിനാഥ പരിപാലയാശുമാം. വരികള്‍ ഫോണിലൂടെ കേട്ടെഴുതിയ എംജി സുമാം എന്നാണ് കുറിച്ചെടുത്തത്. അതിനാല്‍ സിനിമയിലെ പാട്ടില്‍ തെറ്റായിട്ടാണ് എംജി പാടുന്നത്. കാസറ്റ് കേട്ട പ്രിയന് ഈ പാട്ട് പടത്തിന്റെ കൈമാക്സില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പാട്ടിലെ സ്വരങ്ങള്‍ ഒറ്റ ഷോട്ടില്‍ ഒറ്റ ടേക്കിലാണ് മോഹന്‍ലാല്‍ ലിപ്പ് കൊടുത്തിരിക്കുന്നത്.
അതിശയോക്തി നിറഞ്ഞ കഥയ്ക്കു പൊലിമ കൂട്ടുന്നതരത്തിലായിരുന്നു പാട്ടുകളുടെ ചിത്രീകരണവും. ഊട്ടിയിലെ ബൃന്ദാവന്‍ ഹോട്ടലാണ് ചിത്രത്തിലെ ബംഗ്ലാവ്. വാഹിനി സ്റ്റുഡിയോയുടെ ഒമ്പതാം നിലയാണ് ബംഗ്ലാവിന്റെ ഇന്റീരിയര്‍ സെറ്റിട്ടിരുന്നത്. ഇതേ സ്ഥലത്ത് തന്നെയാണ് ഈറന്‍ മേഘം എന്ന ഗാനവും ഷൂട്ട് ചെയ്തത്. ഷൂട്ടിങ്ങിനിടെ നായികയായ രഞ്ജിനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ വന്നതിനാല്‍ ഏകദേശം ഒരു വര്‍ഷം കഴിഞ്ഞാണ് ചിത്രീകരണം പുനരാരംഭിച്ചത്. 365 ദിവസത്തോളം ഓടി. എറണാംകുളം ലിറ്റില്‍ ഷേണായീസില്‍ 400 ദിവസം ഓടി ചിത്രം ചരിത്രം കുറിക്കുകയും ചെയ്തു.
Recent Comments