ഈ കൗതുകമുള്ള ചിത്രം പകര്‍ത്തിയത് ഭാഗ്യയുടെ കല്യാണത്തലേന്നാണ്. കൃത്യമായി പറഞ്ഞാല്‍ ജനുവരി 16. അന്ന് വൈകുന്നേരം ഏതാണ്ട് ഏഴ് മണിയോടടുത്താണ് ഈ ചിത്രത്തിനുവേണ്ടി സുരേഷ് ഗോപിയുടെ കുടുംബത്തോടൊപ്പം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും മോഹന്‍ലാലും ഭാര്യ സുചിത്രയും ഒപ്പം ചേര്‍ന്നത്.
കല്യാണത്തലേന്നുതന്നെ ഇരുവരും ഭാര്യാസമേതനായി എത്തണമെന്ന് സുരേഷ്ഗോപി ആഗ്രഹിച്ചിരുന്നു. സുരേഷ് ഗോപിയുടെ ആഗ്രഹപ്രകാരം വൈകുന്നേരത്തോടുകൂടി മമ്മൂട്ടിയും മോഹന്‍ലാലും അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തി. ആദ്യം എത്തിച്ചേര്‍ന്നത് മമ്മൂട്ടിയാണ്. തൊട്ടുപിന്നാലെ മോഹന്‍ലാലും. സുരേഷ് ഗോപിയുടെ സഹോദരന്മാരാണ് ഇരുവരെയും സ്വീകരിച്ചത്. അതിനുശേഷം അവര്‍ റൂമിലേയ്ക്ക് പോവുകയും ചെയ്തു.
ഏഴ് മണിയോടെയാണ് ദക്ഷിണ കൊടുക്കല്‍ ചടങ്ങ് ആരംഭിച്ചത്. അടുത്ത ബന്ധുക്കളെല്ലാവരും അതിനായി എത്തിച്ചേര്‍ന്നിരുന്നു. അവര്‍ക്ക് ദക്ഷിണ കൊടുത്താണ് ഭാഗ്യ ആദ്യം അനുഗ്രഹം തേടിയത്. അതിനിടെയാണ് മമ്മൂട്ടിയും മോഹന്‍ലാലും ഭാര്യാസമേതരായി ആ ചടങ്ങിനെത്തിയത്. അവര്‍ക്കും ഭാഗ്യ ദക്ഷിണ നല്കി. അവര്‍ ഭാഗ്യയുടെ തലയില്‍ കൈവെച്ച് അനുഗ്രഹം നല്കി. അതിനുശേഷമാണ് എല്ലാവരും ക്യാമറയ്ക്ക് മുന്നില്‍ ഒരു ഫോട്ടോയ്ക്കായി പോസ് ചെയ്തത്. ആ ചിത്രത്തിന് ഇങ്ങനെയൊരു കൗതുകം വന്നുചേരുമെന്ന് ആ നിമിഷത്തില്‍ ആരും ചിന്തിച്ചുകാണില്ല. ചിലത് അങ്ങനെയാണ്, എത്ര കാലം കഴിഞ്ഞാലും ആ ചിത്രം ഒളി മങ്ങാതെ നിലനില്ക്കും.
Recent Comments