നെയ്യാറ്റിൻകരയിൽ പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന ദുരൂഹ സംഭവത്തിൽ ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു. ആന്തരികഅവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടം നടപടികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തിയായി. ഏറ്റുവാങ്ങുന്ന ഭൗതിക ശരീരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിനും നാലിനും ഇടയിൽ മഹാസമാധിയിരുത്തുമെന്ന് കുടുംബവും വിഎസ്ഡിപി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരനും അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് വിവാദ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലാണ് കല്ലറയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു ചുറ്റും ഭസ്മവും സുഗന്ധദ്രവങ്ങളുമുണ്ടായിരുന്നു. തിരുവനന്തപുരം സബ് കളക്ടര്‍ ഒ വി ആല്ഫ്രഡിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ.
ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയിരിക്കുകയാണെന്നും മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തി, പിന്നീട് പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടി എന്നാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലാണ് മൃതദേഹം ഇരുന്നിരുന്നത്. കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലായിരുന്നു. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ് അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തത്.
Recent Comments