പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ.മുരളീധരന്. മുതിര്‍ന്ന നേതാക്കളുടേയും പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ മാനിച്ചായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയം. ജില്ലയില്‍ ബിജെപിക്ക് ജയിക്കാനാവില്ലെന്നും നേതൃയോഗത്തിനു ശേഷം കെ.മുരളീധരന് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ നേതൃയോഗത്തില്‍ ഉപതെരഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയായി. സീറ്റ് നിലനിര്‍ത്താനുള്ള തന്ത്രങ്ങളും നേതാക്കള്‍ പങ്കുവെച്ചു. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉയര്‍ത്തി അനാവശ്യ വിവാദമുണ്ടാക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു. അതേസമയം മതിയായ ചര്‍ച്ചകളിലൂടെ ഉചിതനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ണയിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള കെ.മുരളീധരന് വ്യക്തമാക്കി.
താഴേത്തട്ടില്‍ പാര്‍ട്ടി ദുര്‍ബലമാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് വിജയം മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ടു പോകരുതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
അതേസമയം സ്ഥാനാര്‍ഥി മോഹവുമായി നിരവധി യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പാലക്കാട് മുന്‍ എംഎല്‍എ ഷാഫി പറമ്പില്‍ ദേശീയ നേതാക്കളോട് ആവശ്യപ്പെട്ടത്. യൂത്ത് നേതാവായ ഡോ. സരിനും രംഗത്തുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ സ്ഥാനാര്‍ഥി വി ടി ബലറാം ആണ്. പാലക്കാട് ഡിസിസി പ്രസിഡന്റ് തങ്കപ്പനും സ്ഥാനാര്‍ഥി മോഹവുമായി കാലത്തിലുണ്ട്.
Recent Comments