തിരുവനന്തപുരം കളക്ടര്‍ കുഴിനഖ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സംഭവത്തില്‍ യാതൊരു തെറ്റുമില്ലെന്ന് കേരളത്തിലെ മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് പറഞ്ഞു. കാന്‍ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിവാദത്തിനു പിന്നില്‍ മീഡിയയുടെ സെന്സേഷണലിസമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വളരെ ചെറിയ പ്രശ്നത്തെ പെരുപ്പിക്കുകയാണ് മീഡിയ ചെയ്തത്. കളക്ടറുടെ കുഴിനഖ ചികിത്സയാണോ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു.
വര്‍ഷങ്ങളായി ഡോക്ടര്‍മാര്‍ രോഗികളുടെ വീടുകളില്‍ പോയി ചികിത്സ നടത്താറുണ്ട്. അതില്‍ ഒരു കുഴപ്പവും തെറ്റും ആരും കണ്ടിട്ടില്ല. കളക്ടറുടെ വീട്ടിലേക്ക് ഡോക്ടര്‍ വന്നപ്പോഴാണ് വലിയ പ്രശ്നമായത്. ഞാന്‍ കളക്ടറായിരുന്ന കാലത്ത് ഡോക്ടര്‍ എന്റെ വീട്ടില്‍ വരികയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. അന്നൊന്നും ഇതേമാതിരി വിവാദങ്ങള്‍ ഉണ്ടായിട്ടില്ല. ഡോക്ടര്‍മാരെ പോലെ കളക്ടര്‍മാരും ജനങ്ങളെ സേവിക്കുന്നവരാണ് എന്ന് ടോം ജോസ് ഐഎഎസ് ചൂണ്ടിക്കാട്ടി.
കളക്ടര്‍ ജില്ലാഭരണകൂടത്തിന്റെ തലവനാണ്. വലിയ ജോലിത്തിരക്കുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. അത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥന് മെഡിക്കല്‍ കോളേജിലെ ഒപിയില്‍ പോയി ക്യൂ നില്‍ക്കണമെന്നാണോ ഇവരൊക്കെ പറയുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചെറിയ അസുഖം വരുമ്പോള്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചാല്‍ വരില്ലെന്ന് പറയുമോ? വലിയ അസുഖങ്ങള്‍ വന്നാല്‍ ആശുപത്രിയില്‍ പോകേണ്ടി വരും. അതേസമയം ചെറിയ അസുഖങ്ങള്‍ വന്നാല്‍ കളക്ടറുടെ വീട്ടിലേക്ക് ഡോക്ടര്‍ പോകുകയാണ് ഉചിതം.
നമ്മുടെ നാട്ടില്‍ അധികാരത്തിലിരിക്കുന്നവരെ പരിഹസിക്കുന്നതിനും കളിയാക്കുന്നതിനും വേണ്ടി ചര്‍ച്ചകള്‍ നടത്തുക സാധാരണഗതിയില്‍ മാധ്യമങ്ങള്‍ ചെയ്യാറുണ്ട്. അതുതന്നെയാണ് തിരുവനന്തപുരം കളക്ടറുടെ കാര്യത്തിലും നടന്നത്. അല്ലെങ്കില്‍ ഇത്രയും ചെറിയ പ്രശ്നം മാധ്യമങ്ങള്‍ വിവാദമാക്കില്ലായിരുന്നു. വക്കീലും കക്ഷിയും തമ്മിലുള്ള കമ്യൂണിക്കേഷന്‍ പോലെയാണ് രോഗിയും ഡോക്ടറും തമ്മിലുള്ളത്. ഡോക്ടറെ അനുകൂലിച്ചും കളക്ടറെ വിമര്‍ശിച്ചും ഒരു ചാനല്‍ ചര്‍ച്ചയില്‍ ജോയിന്റ് കൗണ്‍സില്‍ നേതാവ് വിമര്‍ശിച്ചതിനെത്തുടര്‍ന്ന് നടപടി സ്വീകരിക്കുകയുണ്ടായി. ആ നേതാവിനെതിരെ നടപടി എടുത്തത് ശരിയായ തീരുമാനമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. കാരണം ഗവണ്മെന്റ് സര്‍വന്റിനെ മറ്റൊരു സര്‍വന്റ് വിമര്‍ശിക്കുന്നത് ശരിയല്ല. അത് യൂണിയന് പ്രസിഡന്റായാല്‍ പോലും.
പിന്നെ ചിലര്‍ പറയുന്നത് ഡോക്ടറും കളക്ടറും തമ്മിലുള്ള സമത്വത്തെക്കുറിച്ചാണ്. അതുകൊണ്ടാണ് കുഴിനഖ ചികിത്സയ്ക്ക് വേണ്ടി ഡോക്ടറെ കലക്ടര്‍ വീട്ടിലേക്ക് വിളിച്ച് വരുത്തിയത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയത്. എന്റെ അഭിപ്രായത്തില്‍ സമത്വം എന്നുപറയുന്നത് ഒരു ഉട്ടോപ്യയന്‍ ആശയമാണ്. നിയമത്തിന്റെ മുന്നിലാണ് എല്ലാവരും സമന്മാരാകുക. നമ്മുടെ ഫാമിലിയില്‍ പോലും അംഗങ്ങളെല്ലാവരും സമന്മാരാണോ എന്ന് ടോം ജോസ് ഐഎഎസ് ചോദിച്ചു.
Recent Comments