ഒരു ആഷ്കളര്‍ അംബാസഡര്‍ കാറിനുമുന്നില്‍ മോഹന്‍ലാല്‍ നില്ക്കുന്ന ചിത്രം അദ്ദേഹം തന്റെ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. KCT 4455 ആണ് വണ്ടിനമ്പര്. ആ കാറുമായുള്ള ലാലിന്റെ ആത്മബന്ധം അധികമാര്‍ക്കും അറിയില്ല. അറിയാവുന്ന ഒരാള്‍ ഇന്നും ലാലിനൊപ്പമുണ്ട്. ലാലിന്റെ ആദ്യത്തെ ഡ്രൈവര്‍കൂടിയായ ഷണ്മുഖന്.
പൂജപ്പുരയാണ് ഷണ്മുഖന്റെ സ്വദേശം. ലാലിന്റെ കുടുംബത്തെ നേരത്തെ അറിയാമെങ്കിലും സഹോദരന് പ്യാരിലാല്‍ വഴിയാണ് അദ്ദേഹം ആ വീട്ടിലേയ്ക്ക് എത്തുന്നത്. പിന്നീട് ലാലിന്റെ ഡ്രൈവറായി. സിനിമാസെറ്റുകളിലേയ്ക്കുള്ള നീണ്ട യാത്രകളില്‍നിന്ന് സ്വയം ഒഴിവായതോടെ കുടുംബാംഗങ്ങളുടെ മുഴുവന്‍ വിശ്വസ്ത സാരഥിയുമായി. ഷണ്മുഖന് ഇപ്പോഴും ലാലിനോടൊപ്പമുണ്ട്. ലാലിന്റെ എറണാകുളത്തെ വീട്ടില്‍ കാര്യക്കാരിലൊരാളായി. ലാലിനെ ലാലുക്കുഞ്ഞേ എന്ന് സ്നേഹത്തോടെ വിളിക്കുന്ന അപൂര്‍വ്വം ഒരാള്‍ കൂടിയാണ് ഷണ്മുഖന്.
‘ലാലുക്കുഞ്ഞ് ആദ്യമായി സ്വന്തം പേരില്‍ വാങ്ങിയ വാഹനമാണ് ആ അംബാസഡര്‍ കാര്‍. 1986 ലാണ് അത് വാങ്ങുന്നത്. അന്ന് മദ്രാസില്‍ ലാലുക്കുഞ്ഞിന് ഒരു ചാറ്റേര്‍ഡ് അക്കൗണ്ടന്റ് ഉണ്ടായിരുന്നു. സുകുമാരനെന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. സാറ് പറഞ്ഞതനുസരിച്ചാണെങ്കില്‍ ലാലുക്കുഞ്ഞിനെ കൂടാതെ മമ്മൂട്ടിസാറും ഐ.വി. ശശി സാറും അക്കൗണ്ടന്റ് സാറും അതുപോലെ ഓരോ അംബാസഡര്‍ കാറുകള്‍ വാങ്ങിയിരുന്നു. എക്ട്രാഫിറ്റിംഗ്സും അപ്പ്ഹോള്‍സറി വര്‍ക്കുകളടക്കം മദ്രാസിലാണ് ചെയ്തത്. ദുബായില്‍നിന്നോ മറ്റോ ഇറക്കുമതി ചെയ്ത മെറ്റീരിയലുകളാണ് അപ്പ്ഹോള്സറിക്കുവേണ്ടി ഉപയോഗിച്ചിരുന്നത്. ഇന്നും അതേ അപ്പ്ഹോള്സറിയാണ് കാറിലുള്ളത്. പെട്രോള്‍ എസി കാറാണ്. രജിസ്റ്റര്‍ ചെയ്തത് കേരളത്തിലാണ്. KCT 4455 ആയിരുന്നു വണ്ടി നമ്പര്‍. അക്കാലത്ത് ആ വണ്ടിയിലായിരുന്നു ലാലുക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തും പോയിരുന്നത്. രാജകീയകലയുള്ള ഒരു വാഹനമായിരുന്നു അത്. അത് കടന്നുപോകുമ്പോള്‍ ആരുടെയും കണ്ണുകള്‍ ഒന്നുടക്കും. പിന്നീട് പുതിയൊരു വാഹനം വാങ്ങിയത് അദ്ദേഹത്തിന്റെ വിവാഹസമയത്താണ്. അതൊരു കോണ്ടസ കാറായിരുന്നു. അതിന്റെ നമ്പര്‍ KCT 5544 ആയിരുന്നു. അതിനുശേഷം പല വാഹനങ്ങളും സ്വന്തമാക്കി. പഴയതിനെ ചിലത് ഉപേക്ഷിച്ചു. അപ്പോഴും ആ അംബാസഡര്‍ കാര്‍ മാത്രം അദ്ദേഹം നിലനിര്‍ത്തി. ആദ്യമായി സ്വന്തം പേരില്‍ വാങ്ങിയ വാഹനമല്ലേ. ആ ഒരു ആത്മബന്ധം ഇപ്പോഴും ആ വാഹനത്തോടുണ്ട്. പഴയ പ്രതാപത്തോടെ അംബാഡസര്‍ കാര്‍ ഇന്നും മുടവന്മുകളിലെ വീട്ടിലുണ്ട്.’ ഷണ്മുഖന് പറഞ്ഞു.
Recent Comments